Sorry, you need to enable JavaScript to visit this website.

പട്യാലയില്‍ വര്‍ഗീയ സംഘര്‍ഷം; ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി,മൊബൈല്‍ സേവനങ്ങള്‍ക്ക് നിരോധം

ചണ്ഡീഗഡ്-പട്യാല നഗരത്തിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തിനു പിന്നാലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി   പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍. പട്യാല റേഞ്ചിലെ ഐ.ജി, സീനിയര്‍ പോലീസ് സൂപ്രണ്ട് (എസ്എസ്പി), പോലീസ് സൂപ്രണ്ട് (എസ്.പി) എന്നിവരടങ്ങുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. 

മുഖ്‌വീന്ദര്‍ സിംഗ് ചിന്നയെ പുതിയ പട്യാല റേഞ്ച് ഐ.ജിയായി നിയമിച്ചതായും ദീപക് പരീക്കും വസീര്‍ സിംഗും യഥാക്രമം പട്യാലയിലെ പുതിയ എസ്.എസ്.പിയും എസ്.പിയുമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വക്താവ് അറിയിച്ചു.  ജില്ലയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ ഇന്നും നിരോധിച്ചതായി സംസ്ഥാന ആഭ്യന്തര സെക്രട്ടറി അനുരാഗ് വര്‍മ  രാവിലെ 9.30 മുതല്‍ വൈകിട്ട് ആറു വരെയാണ് നിരോധം.  കഴിഞ്ഞ ദിവസവും ഇന്റര്‍നെറ്റ് തടഞ്ഞിരുന്നു.

വെള്ളിയാഴ്ച രണ്ട് സംഘങ്ങള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ ചിലര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത് തടയാനാണ് ജില്ലയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് തടഞ്ഞത്. ചിലര്‍  ഡാറ്റ സേവനങ്ങള്‍ മൊത്തത്തില്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ഡെപ്യൂട്ടി കമ്മീഷണറും എസ്.എസ.പിയും പറഞ്ഞു. ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സംസ്ഥാനത്തെ എല്ലാ ടെലികോം സേവന ദാതാക്കളോടും ആവശ്യപ്പെട്ടു.


തങ്ങളുടെ ആരാധനാലയങ്ങളില്‍ നിന്ന് മുന്‍കൂര്‍ അനുമതിയില്ലാതെ മാര്‍ച്ച് നടത്തുകയും പിന്നീട് പോലീസുകാരുമായി ഏറ്റുമുട്ടുകയും ചെയ്ത രണ്ട് സംഘങ്ങളാണ്  വെള്ളിയാഴ്ച ഏറ്റുമുട്ടിയത്.  തുടര്‍ന്ന് ശിവസേന നേതാവ് ഹരീഷ് സിംഗ്ലയെ കോട് വാലി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു പോലീസ് ഓഫീസര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു.


വെള്ളിയാഴ്ച വൈകുന്നേരം മുഖ്യമന്ത്രി മാന്‍ ഡി.ജി.പിയുമായും മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയിരുന്നു.  അക്രമം അങ്ങേയറ്റം അലോസരപ്പെടുത്തുന്നതാണെന്നും നിര്‍ഭാഗ്യകരമെന്നും വിശേഷിപ്പിച്ച മുഖ്യമന്ത്രി ഒരു കുറ്റവാളിയും രക്ഷപ്പെടരുതെന്ന് നിര്‍ദ്ദേശം നല്‍കി. കുറ്റവാളികളെ എത്രയും വേഗം അറസ്റ്റ് ചെയ്യാന്‍ അദ്ദേഹം ഉത്തരവിട്ടു. ക്രമസമാധാനനില കൃത്യമായി നിരീക്ഷിക്കാന്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കി.

പട്യാലയിലെ ഖാലിസ്ഥാന്‍ അനുകൂല ഘടകങ്ങള്‍ക്കെതിരെയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ആളുകളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. പലയിടത്തും റെയ്ഡ് നടത്തി.  ഖാലിസ്ഥാന്‍ മുര്‍ദാബാദ് മാര്‍ച്ച് നയിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ്  സിംഗ്ലയെ അറസ്റ്റ് ചെയ്തത്.  പട്യാലയിലെ കാളി മാതാ ക്ഷേത്രത്തിന് പുറത്ത് ഖാലിസ്ഥാന്‍ വിരുദ്ധ മാര്‍ച്ചുമായി ബന്ധപ്പെട്ടാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.  കല്ലേറില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഉടന്‍ തന്നെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ പടരുകയും പോലീസ് രാത്രി മുഴുവന്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തു. ഹിന്ദു സംഘടനകള്‍ ഇന്ന് പട്യാല ബന്ദ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന്  പല പ്രദേശങ്ങളിലും 144 പ്രഖ്യാപിച്ചു.

 

Latest News