മുംബൈ- വാട്ട്‌സാപ്പ് വീഡിയോ കോളിനിടെ 49കാരന്റെ അശ്ലീല വീഡിയോ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത സംഭവത്തിൽ യുവതിക്കെതിരെ അന്വേഷണം. മുംബൈയിലെ ഖാർ പോലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഐപിസിയിലെ വിവിധ വകുപ്പുകളും ഐ.ടി ആക്ടിലെ വകുപ്പുകളും ചേർത്താണ് ബുധനാഴ്ച എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഏപ്രിൽ 24നാണ് 49കാരനും യുവതിയും ഫേസ്ബുക്കിലൂടെ പരിചയത്തിലായതെന്ന് പോലീസ് പറഞ്ഞു. ഏപ്രിൽ 24 ന് രാവിലെ 11 മണിയോടെ യുവതി തന്റെ മൊബൈൽ നമ്പർ ഫേസ്ബുക്ക് മെസഞ്ചറിലൂടെ അയച്ചു നൽകി. യുവതി ഫേസ്ബുക്കിൽ റിക്വസ്റ്റ് അയച്ചാണ് ബന്ധം ആരംഭിച്ചത്. അരമണിക്കൂറിന് ശേഷം യുവതി വാട്ട്‌സപ്പിലൂടെ വീഡിയോ കോൾ ചെയ്തു.
വാട്ട്‌സാപ്പ് കോളിനിടെ യുവതി അശ്ലീല രീതിയിൽ പെരുമാറിയെന്ന് 49കാരൻ പറഞ്ഞു. താൻ ചെയ്യുന്നത് പോലെ ചെയ്യാനും അശ്ലീല രീതിയിൽ പെരുമാറാനും നിർദേശിച്ചതോടെ പരാതിക്കാരൻ ആവശ്യം അംഗീകരിച്ച് പെരുമാറി. എന്നാൽ, ഈ സമയം യുവതി 49കാരന്റെ അശ്ലീല ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തു.
വീഡിയോ രഹസ്യമായി പകർത്തിയ യുവതി 49കാരനെ ഭീഷണിപ്പെടുത്തി പണം വാങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. റെക്കോഡ് ചെയ്ത വീഡിയോ യുവതി അയച്ച് നൽകിയാണ് ഭീഷണി മുഴക്കിയത്. റെക്കോഡ് ചെയ്ത വീഡിയോ അയച്ചുകൊടുക്കുകയും 5000 രൂപ നൽകണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് താൻ കബളിപ്പിക്കപ്പെട്ടതായി ഇയാൾക്ക് മനസിലായത്. ചോദിച്ച പണം പരാതിക്കാരൻ അയച്ച് നൽകിയെങ്കിലും യുവതി പിന്നീട് 5000 രൂപ കൂടി ആവശ്യപ്പെട്ടു. ഈ പണവും ഇയാൾ നൽകി. എന്നാൽ, യുവതി വീണ്ടും 10,000 രൂപ ആവശ്യപ്പെട്ടതോടെ 49കാരൻ സഹോദരനോട് വിവരം പറയുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.