ബെയ്ജിങ് - ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ ചൈന സന്ദർശിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായി കൂടിക്കാഴ്ച നടത്തി. അതീവ രഹസ്യമായിരുന്ന സന്ദർശനം കഴിഞ്ഞ് കിം തിരിച്ച് ഉത്തരകൊറിയയിൽ എത്തിയതിനു ശേഷമാണ് ഈ വാർത്ത ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ പുറത്തു വിട്ടത്. ആണവായുധം ഉപേക്ഷിക്കാൻ തയാറാണെന്നും കൊറിയൻ ഉപദീപ് ആണവായുധ വിമുക്തമാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും കിം അറിയിച്ചു. അയൽക്കാരായ ഉത്തര കൊറിയയുമായുള്ള സൗഹൃദം കാത്തു സൂക്ഷിക്കുമെന്ന് ചൈനീസ് പ്രസിഡന്റും വ്യക്തമാക്കി.
പിതാവിന്റെ മരണ ശേഷം 2011ൽ ഉത്തര കൊറിയൻ ഭരണത്തലവനായി അധികാരമേറ്റ ശേഷം കിം നടത്തുന്ന ആദ്യ വിദേശ സന്ദർശനമാണിത്. രണ്ടു ദിവസത്തെ അഭ്യൂഹങ്ങൾക്കൊടുവിലാണ് ചൈനീസ് അധികൃതർ വാർത്ത പുറത്തു വിട്ടത്. ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ കിം ചൈനയിലുണ്ടായിരുന്നു. ഏതാനും ദിവസങ്ങളായി ബെയ്ജിങ്ങിൽ ചൈനീസ് സർക്കാർ അതീവ സുരക്ഷാ സന്നാഹങ്ങളൊരുക്കിയത് പൊതുജനങ്ങളിൽ അമ്പരപ്പുണ്ടാക്കിയിരുന്നു.
ട്രെയ്‌നിലായിരുന്നു കിം ജോങ് ഉൻ ചൈനയിലെത്തിയത്്. വിമാനയാത്ര ഇഷ്ടമില്ലാത്ത പിതാവ് കിം ജോങ് ഇൽ പ്രത്യേകമായി തയാറാക്കിയ ഓറിയന്റ് എക്‌സ്പ്രസിലാണ് ഉൻ ബെയ്ജിങ്ങിലെത്തിയത്. എല്ലാ വിധ സൗകര്യങ്ങളും സംവിധാനങ്ങളുമുള്ള ഈ ബുള്ളറ്റ് പ്രൂഫ് ട്രെയ്‌നിന്റെ പരമാവധി വേഗത മണിക്കൂറിൽ 60 കിലോമീറ്ററാണ്.