നുഹ്- തോക്കു ചൂണ്ടി ആളുകളെ ഓടിക്കുന്ന വീഡിയോകളിലുള്ളത് ഹരിയാനയിലെ നുഹ് ജില്ലയില്‍നിന്നുള്ള പശുസംരക്ഷകരാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
ഇവര്‍ ആളുകളെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയ വീഡിയോകളാണ് പുറത്തുവന്നിരുന്നത്.
ഏപ്രില്‍ 24 നായിരുന്നു ഇത്തരത്തിലുള്ള ആദ്യ വീഡിയോ. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രണ്ടെണ്ണം കൂടി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തു. ഗൗ രക്ഷാദള്‍, ഹരിയാന, മേവാത്ത് റെയ്ഡ്' എന്നായിരുന്നു തലക്കെട്ട്. വീഡിയോകളിലൊന്നില്‍ ഓടുന്ന കാറില്‍ നിന്ന് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെ തോക്കുകള്‍ ചൂണ്ടുന്നത് കാണാമായിരുന്നു.
ഒരാളെ തട്ടിക്കൊണ്ടുപോകുന്നത് കണ്ടവരെ വെടിവെച്ച് കൊല്ലുമെന്ന് ഒരു സംഘം ആളുകള്‍ ഭീഷണിപ്പെടുത്തുന്നതാണ് മറ്റൊരു വീഡിയോ.
നേരത്തെ ഇവയുടെ സ്രോതസ്സ് അറിയില്ലായിരുന്നുവെന്നും അന്വേഷണത്തില്‍ ഇവര്‍ ഫിറോസ്പൂര്‍ ജിര്‍ക്ക അധികാരപരിധിയില്‍ നിന്നുള്ളവരാണെന്ന് കണ്ടെത്തിയെന്നും നുഹ് പോലീസ് സൂപ്രണ്ട് വരുണ്‍ സിംഗ്ല പറഞ്ഞു.
വിഷയം കൈകാര്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്ന് ഹരിയാന പോലീസ് അറിയിച്ചു. ഒരു എ.എസ്.ഐയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അജ്ഞാതര്‍ക്കെതിരെ പ്രഥമവിവര റിപ്പോര്‍ട്ട് (എഫ്‌ഐആര്‍) രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഷെയ്ഖ്പൂര്‍ ഗ്രാമത്തില്‍ നിന്നുള്ള വീഡിയോയില്‍ ഏതാനും യുവാക്കള്‍ ഒരാളെ ആക്രമിക്കുന്നതും തോക്കിന്‍ മുനയില്‍ സ്‌കോര്‍പ്പിയോയില്‍ കയറ്റുന്നതും കാണാമെന്ന് രണ്ട് മൂന്നു പേരുടെ കൈകളില്‍ വടികളുണ്ടെന്നും ഒരാള്‍ പിസ്റ്റള്‍ ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിര്‍ത്തുവെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
ഗ്രാമവാസികളുടെ യോഗം വിളിച്ചിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങള്‍ സാമുദായിക സൗഹാര്‍ദം തകര്‍ക്കുമെന്ന് അവരെ ബോധ്യപ്പെടുത്തുമെന്നും സിംഗ്ല പറഞ്ഞു.
അതിനിടെ, തങ്ങളുടെ പ്രവര്‍ത്തകരെ പോലീസ് ഭീഷണിപ്പെടുത്തുകയാണെന്ന് ആരോപിച്ച് ഗുഡ്ഗാവ് ആസ്ഥാനമായുള്ള ബജ്‌റംഗ് ദളിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും പ്രവര്‍ത്തകര്‍ പോലീസ് കമ്മീഷണറുടെ ഓഫീസിന് പുറത്ത് പ്രതിഷേധിച്ചു.
പോലിസിനോടൊപ്പമാണ് ഏതാനും പ്രവര്‍ത്തകര്‍ പശുവിനെ കശാപ്പ് ചെയ്യുന്നവരെ പിടികൂടാന്‍ പോയതെന്ന് ഹിന്ദുത്വ സംഘടകള്‍ ആരോപിച്ചു. എന്നാല്‍, ഇക്കാര്യം പോലീസ് നിഷേധിച്ചു.
പശു സംരക്ഷണ നിയമപ്രകാരം തങ്ങളുടെ പ്രവര്‍ത്തകര്‍ പോലീസിനെയും ഭരണകൂടത്തെയും സഹായിക്കുകയായിരുന്നുവെന്ന് വിഎച്ച്പി നേതാവ് ദേവേന്ദര്‍ സിംഗ് പറഞ്ഞു.