Sorry, you need to enable JavaScript to visit this website.

യു.എസ് എയർപോർട്ടിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രിക്ക് സുരക്ഷാ പരിശോധന

ഇസ്ലാമാബാദ്- കഴിഞ്ഞയാഴ്ച യു.എസ് സന്ദർശിച്ച പാക്കിസ്ഥാൻ പ്രധാനമന്ത്രി ശാഹിദ് ഖാഖൻ അബ്ബാസിയെ എയർപോർട്ടിൽ അമേരിക്കൻ അധികൃതർ സുരക്ഷാ പരിശോധനയ്ക്ക് വിധേയനാക്കിയതിനെ ചൊല്ലി പാക്കിസ്ഥാനിൽ രോഷം. നയതന്ത്ര പാസ്‌പോർട്ടുള്ള പ്രധാനമന്ത്രിയെ കോട്ടൂരിയും ബാഗ് തുറന്നും പരിശോധന നടത്തിയത് പാക്കിസ്ഥാനികളെ അപമാനിക്കുന്ന നടപടിയായെന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ചു. വാർത്താ ചാനലുകളിലെല്ലാം കഴിഞ്ഞ ദിവസം ഇതു വലിയ ചർച്ചയായി. സുരക്ഷാ പരിശോധനക്ക്‌നിന്നു കൊടുത്ത പ്രധാനമന്ത്രി പാക് ജനതയെ നാണം കെടുത്തിയെന്നും ചില മാധ്യമങ്ങൾ വിശേഷിപ്പിച്ചു. 
യു.എസിൽ ചികിത്സയിൽ കഴിയുന്ന സഹോദരിയെ സന്ദർശിക്കാൻ പ്രധാനമന്ത്രി അബ്ബാസി കഴിഞ്ഞയാഴ്ച യു.എസിലേക്ക് പോയിരുന്നു. ഇതൊരു സ്വകാര്യ സന്ദർശനമായിരുന്നുവെന്നാണ് പ്രധാനമന്ത്രി പറയുന്നത്. യു.എസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.
ട്രംപ് ഭരണകൂടം പാക് സർക്കാർ ഉദ്യോഗസ്ഥർക്ക് വിസ നിരോധനവും മറ്റു നിയന്ത്രണങ്ങളും ഏർപ്പെടുത്താനുള്ള നീക്കത്തിനിടെ പ്രധാനമന്ത്രിയെ സുരക്ഷാപരിശോധനക്ക് വിധേനയാക്കി എന്ന വാർത്ത കൂടി വന്നത് മാധ്യമങ്ങളെ ചൊടിപ്പിച്ചിരിക്കുകയാണ്. യു.എസ് എയർപോർട്ടിൽനിന്ന് സുരക്ഷാ പരിശോധന കഴിഞ്ഞ് ബാഗും കോട്ടുമെടുത്ത് പ്രധാനമന്ത്രി അബ്ബാസി ഇറങ്ങി വരുന്ന ദൃശ്യം പാക് ചാനലുകളിൽ കഴിഞ്ഞ ദിവസം നിറഞ്ഞു നിന്നു. 
ഭീകരവാദ സംഘടനകളെ സഹായിക്കുന്നെന്നാരോപിച്ച് അമേരിക്ക പാക്കിസ്ഥാനുമേൽ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തിവരുന്നതിനിടെയാണിത്. ആണവ ഇടപാടുകളുമായി ബന്ധമുണ്ടെന്ന സംശയത്തിൽ യു.എസ് കഴിഞ്ഞ ദിവസം ഏഴ് പാക്കിസ്ഥാനി കമ്പനികൾക്കുമേൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അനുദിനം വഷളായി വരികയാണ്.
 

Latest News