Sorry, you need to enable JavaScript to visit this website.

നോക്കിയ വണ്‍ എത്തി; ആന്‍ഡ്രോയ്ഡ് ഓറിയോ ഫോണിന്റെ വില 5,499 രൂപ മാത്രം 

ന്യൂദല്‍ഹി- രണ്ടാം വരവില്‍ വിപണിയില്‍ മികച്ച പ്രതികരണമുണ്ടാക്കിയ നോക്കിയ ഇന്ത്യയിലെ ബജറ്റ് സ്മാര്‍ട്‌ഫോണ്‍ വിപണി കീഴടക്കാന്‍ നോക്കിയ വണ്‍ അവതരിപ്പിച്ചു. ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ ഓറിയോ (ഗോ എഡീഷന്‍), 4ജി കണക്ടിവിറ്റി എന്നീ ആകര്‍ഷക ഘടകങ്ങളുമായാണ് ഈ സ്മാര്‍ട്‌ഫോണ്‍ ഇന്ത്യ കീഴടക്കാനെത്തിയിരിക്കുന്നത്. ബുധനാഴ്ച മുതല്‍ വില്‍പ്പന ആരംഭിക്കുന്ന ഫോണിന്റെ വിലയാണ് ഏറ്റവും വലിയ ആകര്‍ഷണം, വെറും 5,499 രൂപ മാത്രം. ബാഴ്‌സിലോണയില്‍ ഫെബ്രുവരിയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് ആദ്യമായി എച്ച് എം ഡി ഗ്ലോബല്‍ നോക്കിയ വണ്‍ ആദ്യമായി അവതരിപ്പിച്ചത്.
ബജറ്റ് ഫോണ്‍ ആയതു കൊണ്ട് തന്നെ എല്ലാം പോക്കറ്റിലൊതുങ്ങുന്ന രൂപത്തിലാണ് നോക്കിയ വണ്ണിനെ ഒരുക്കിയിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ പഴയ സാംസങ് ഫോണിനെ പോലെ തോന്നിപ്പിക്കുമെങ്കിലും നോക്കിയയുടെ പുതുമകളും പുറംകാഴ്ചയ്ക്കുണ്ട്. ഒരു ജിബി റാം, 8 ജിബി സ്‌റ്റോറേജ് ആണ് ഈ ഫോണിന്റെ ശേഷി. ഈ പരിമിത ശേഷിക്ക് കരുത്ത്  വര്‍ധിപ്പിക്കാനാണ് ഓറിയോയുടെ ഗോ എഡിഷന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. പരമാവധി സ്‌റ്റോറേജ് സ്‌പേസ് നല്‍കുന്നതാണ് ഗോ എഡിഷന്‍. എല്ലാ ആപ്പുകളും ഗുഗല്‍ന്റെ ഗോ എഡീഷന്‍ തന്നെയായിരിക്കും. 4.5 ഇഞ്ച് ഡിസ്‌പ്ലേ. 1.1 ജിഗാഹെഡ്‌സ് ക്വാഡ് കോര്‍ പ്രൊസസര്‍, 5 എംപി െ്രെപമറി ക്യാമറ, 2 എംപി ഫ്രണ്ട് കാമറ തുടങ്ങിയ സ്‌പെസിഫിക്കേഷനല്ലൊം തുടക്കക്കാരെ ഉദ്ദേശിച്ചുള്ളതാണ്. 
റെഡ്, ഡാര്‍ക്ക് ബ്ലൂ കളറുകളില്‍ ലഭിക്കുന്ന ഈ ഫോണിനൊപ്പം നിറം മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് ഏപ്രില്‍ മുതല്‍ 450 രൂപ വിലയുള്ള എക്‌സ്പ്രസ് ഓണ്‍ കവറുകളും കമ്പനി അവതരിപ്പിക്കുന്നുണ്ട്. ഗ്രേ, പിങ്ക്, യെല്ലോ നിറങ്ങളില്‍ ഇതു ലഭിക്കും. 
ആകര്‍ഷകമായ ലോഞ്ചിങ് ഓഫറുകളും നോക്കിയ വണ്ണിനൊപ്പം ലഭ്യമാണ്. ജിയോ കണക്ഷനൊപ്പം വാങ്ങുകയാണെങ്കില്‍ 2,200 രൂപയുടെ കാഷ് ബാക്ക് ഓഫറുണ്ട്. അതായത് വെറും 3,299 രൂപയ്ക്ക് ഈ ഫോണ്‍ ലഭിക്കും. എന്നാല്‍ ഈ ഇളവ് ഉപഭോക്താവിന്റെ യുസര്‍ അക്കൗണ്ടിലേക്ക് വൗച്ചറുകളായാണ് നല്‍കുക എന്നു മാത്രം. ജിയോ ഉപഭോക്താക്കള്‍ക്ക് അധികമായി 60 ജിബി ഡേറ്റയും ലഭിക്കും.
 

Latest News