ന്യൂദൽഹി- ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തിന് കോൺഗ്രസ് തുടക്കമിട്ടു. ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കുന്നതിന് കോൺഗ്രസ് നേതാക്കൾ പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ തേടിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട്. കോൺഗ്രസ് നേതാക്കളായ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, ഗുലാം നബി ആസാദ് എന്നിവരും എൻ സി പി നേതാവ് മജീദ് മേമനും കരട് ഇംപീച്ച്‌മെന്റ് പ്രമേയത്തിൽ ഒപ്പുവച്ചു. പല വിവാദങ്ങളിലും ഉൾപ്പെട്ട ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ പുറത്താക്കണമെന്ന ആവശ്യത്തെ തൃണമൂൽ കോൺഗ്രസ്, സിപിഎം എന്നീ പാർട്ടികളും പിന്തുണയ്ക്കുന്നുണ്ട്. ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണമെന്ന് ആദ്യം ആവശ്യപ്പെട്ടത് സിപിഎം ആയിരുന്നു.
മെഡിക്കൽ കോളജുകൾക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട വിവദത്തിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ടതും, ചീഫ് ജസ്റ്റിസിനെതിരെ മുതിർന്ന നാലു ജഡ്ജിമാർ പത്രസമ്മേളനം വിളിച്ചു പരസ്യമായി രംഗത്തു വന്നതുമടക്കം പല വിഷയങ്ങളും ഇംപീച്ച്‌മെന്റ് പ്രമേയത്തിൽ ഉന്നയിക്കുന്നുണ്ട്.