ആഗ്ര- ഉത്തര്‍ പ്രദേശില്‍ റെയില്‍വേ സ്റ്റേഷനിലെ ക്ഷേത്രം നീക്കം ചെയ്യുന്നതിനെിതരെ പ്രതിഷേധം. ആഗ്രയിലെ രാജാ കി മാണ്ഡി റെയില്‍വേ സ്‌റ്റേഷനിലുള്ള ക്ഷേത്രം റെയില്‍വേ നീക്കം ചെയ്താല്‍ കൂട്ട ആത്മഹത്യ ചെയ്യുമെന്ന മുന്നറിയിപ്പുമായി ഹിന്ദുത്വ സംഘടന രംഗത്തുവന്നു. രാജാ കി മാണ്ഡി റെയില്‍വേ സ്‌റ്റേഷന്‍ വളപ്പില്‍ സ്ഥിതി ചെയ്യുന്ന 250 വര്‍ഷം പഴക്കമുള്ള ചാമുണ്ഡാ ദേവി ക്ഷേത്രം നീക്കം ചെയ്യാനാണ് റെയില്‍വേയുടെ നടപടി.
സ്‌റ്റേഷന്‍ പരിസരത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേ ഏപ്രില്‍ 20ന് ക്ഷേത്രം അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ആഗ്ര കാന്റ് റെയില്‍വേ സ്‌റ്റേഷന്‍ വളപ്പിലുള്ള ഭൂരെ ഷാ ബാബ ദര്‍ഗയുടെയും മസ്ജിദിന്റെയും നടത്തിപ്പുകാര്‍ക്കും സമാനമായ നോട്ടീസ് അയച്ചിട്ടുണ്ട്.
സുപ്രീം കോടതി ഉത്തരവുകള്‍ പാലിക്കുന്നതിനാണ് കയ്യേറ്റങ്ങള്‍ നീക്കുന്നതിന്റെ ഭാഗമായി ക്ഷേത്രം, ദര്‍ഗ, മസ്ജിദ് എന്നിവക്ക് നോട്ടീസ് നല്‍കിയതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഏപ്രില്‍ 30 നകം രേഖകള്‍ ഹാജരാക്കാന്‍ ക്ഷേത്രം അധികൃതരോട് ആവശ്യപ്പെട്ടിരുന്നുവെന്ന് റെയില്‍വേ പബ്ലിക് റിലേഷന്‍ ഓഫീസറും ഡിവിഷണല്‍ കൊമേഴ്‌സ്യല്‍ മാനേജരുമായ പ്രശസ്തി ശ്രീവാസ്തവ് പറഞ്ഞു. പള്ളി, ദര്‍ഗ അധികൃതര്‍ക്ക് മെയ് 13 വരെയാണ് സമയം നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷ് കാലത്തെ ക്ഷേത്രം നിലവിലുള്ള സ്ഥലത്ത് നിന്ന് മാറ്റില്ലെന്ന് രാഷ്ട്രീയ ഹിന്ദു പരിഷത്ത് ഭാരത് ദേശീയ അധ്യക്ഷന്‍ ഗോവിന്ദ് പരാശര്‍ പറഞ്ഞു. റെയില്‍വേയുടെ നിര്‍മ്മാണത്തിലുടനീളം ബ്രിട്ടീഷുകാര്‍ പോലും ക്ഷേത്രം കേടുപാടുകള്‍ കൂടാതെ നിലനിര്‍ത്തിയതായി അദ്ദേഹം പറഞ്ഞു. പ്രശ്‌നത്തിന് മറ്റൊരു പരിഹാരം കണ്ടെത്തണം. റെയില്‍വേ തീരുമാനത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ ഞങ്ങള്‍ സ്‌റ്റേഷന്‍ ഗ്രൗണ്ടില്‍ ആത്മഹത്യ ചെയ്യുമെന്ന് പരാശരന്‍ പറഞ്ഞു.
താന്‍ കുട്ടിക്കാലം മുതല്‍ ക്ഷേത്രത്തില്‍ പൂജ നടത്താറുണ്ടെന്നും തന്റെ പൂര്‍വ്വികരും ഇതേ ക്ഷേത്രത്തില്‍ സേവനമനുഷ്ഠിച്ചിരുന്നുവെന്നുംചാമുണ്ഡാദേവി ക്ഷേത്രത്തിലെ പ്രധാന പൂജാരി പറഞ്ഞു. യാത്ര തുടങ്ങുമ്പോള്‍ നിരവധി ഭക്തര്‍ ഇവിടെ പ്രാര്‍ത്ഥിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു വികാരമാണ് ചോദ്യം ചെയ്യപ്പെടുന്നതെന്ന്ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ മുന്‍ സെക്രട്ടറി സുരേന്ദ്ര ഭാഗോര്‍ പറഞ്ഞു.
റെയില്‍വേ സ്‌റ്റേഷനേക്കാള്‍ പഴക്കമുള്ള ക്ഷേത്രം അനധികൃത കയ്യേറ്റത്തിന്റെ മറവില്‍ എങ്ങനെ പൊളിക്കുമെന്ന് അദ്ദേഹം ചോദിച്ചു. ക്ഷേത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട ആഗ്രയിലെ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ക്കെതിരെയാണ് നടപടി വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.