നെല്ലൂര്‍- ലൈംഗിക ബലഹീനത മറയ്ക്കാന്‍ ഭര്‍ത്താവ് പീഡിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി നദിക്കരയില്‍ പ്രതിഷേധവുമായി ആന്ധ്രാ സ്വദേശിനി. ആന്ധ്രാ പ്രദേശിലെ എന്‍ടിആര്‍ ജില്ലയിലുള്ള നന്ദിഗാമയിലാണ് സംഭവം. നവ്യത എന്നാണ് യുവതിയുടെ പേര്.
നാല് വര്‍ഷം മുമ്പാണ് കൊങ്ങര നരേന്ദ്രനാഥ് എന്നയാളെ നവ്യത വിവാഹം ചെയ്തത്. സ്ത്രീധനത്തിന്റെയും സമ്മാനങ്ങളുടെയും പേരില്‍ ഭീമമായ തുക നല്‍കിയാണ് മാതാപിതാക്കള്‍ നരേന്ദ്രനാഥുമായുള്ള നവ്യതയുടെ വിവാഹം നടത്തിയത്. ആദ്യരാത്രിയില്‍ തന്നെ ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിമുഖത കാണിച്ച ഭര്‍ത്താവിന്റെ പെരുമാറ്റം തന്നെ ഞെട്ടിച്ചെന്നും അപകര്‍ഷതാ ബോധവും ബലഹീനതയും മറികടക്കാന്‍ ഭര്‍ത്താവ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാന്‍ ആരംഭിച്ചെന്നും നവ്യത പറയുന്നു. കൂടാതെ, സ്ത്രീധനമായി കൂടുതല്‍ തുക ആവശ്യപ്പെടാനും തുടങ്ങി. ഭര്‍ത്താവിന്റെ സഹോദരിമാരും ഇതില്‍ പങ്കുചേര്‍ന്നു. പോലീസ് അറസ്റ്റ് ചെയ്യുമെന്ന് ഭയന്നാണ് ഭര്‍ത്താവിന്റെ വീടിന് മുന്നില്‍ പ്രതിഷേധിക്കുന്നതിന് പകരം കൃഷ്ണ നദിക്കരയില്‍ പ്രതിഷേധം ആരംഭിച്ചതെന്നും യുവതി കൂട്ടിച്ചേര്‍ത്തു.