കോയമ്പത്തൂര്‍- കോയമ്പത്തൂര്‍ റെയില്‍വേ സ്‌റ്റേഷന്റെ പേര് തമിഴില്‍ തെറ്റായി എഴുതിയതിനെതിരെ പ്രതിഷേധം. ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എംപി പിആര്‍ നടരാജന്‍ രംഗത്തുവുന്നു. റെയില്‍വേ മന്ത്രിക്ക് കത്തു നല്‍കിയതായി നടരാജന്‍ അറിയിച്ചു.
സ്‌റ്റേഷന്റെ പിന്നിലെ കവാടത്തിലും പാഴ്‌സല്‍ ഓഫിസിനു മുന്നിലും കോയമ്പത്തൂര്‍ എന്നതിനു പകരം കോയംപുത്തൂര്‍ എന്നാണ് തമിഴില്‍ എഴുതിയിട്ടുള്ളത്. കോയമ്പത്തൂരിനെ മലയാളികള്‍ ഉച്ഛരിക്കുന്ന രീതിയാണ് ഇതെന്നും സ്‌റ്റേഷനിലെ മലയാളി ഉദ്യോഗസ്ഥരായിരിക്കാം ബോര്‍ഡിലെ പിഴവിനു പിന്നിലെന്നുമാണ് വിമര്‍ശനം. നേരത്തെ പാലക്കാട് ഡിവിഷനു കീഴില്‍ ആയിരുന്ന സ്‌റ്റേഷനില്‍ ഒട്ടേറെ മലയാളി ഉദ്യോഗസ്ഥര്‍ ഉണ്ടെന്ന് ഡിയുആര്‍സിസി അംഗം കെ ജയരാജ് പറഞ്ഞു. അവര്‍ ഉച്ഛരിക്കുന്നതിനെ അടിസ്ഥാനമാക്കിയാവാം ബോര്‍ഡ് വച്ചതെന്ന് ജയരാജ് പറഞ്ഞു.ബോര്‍ഡ് തെറ്റിയ എഴുതിയതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് എംപിയും സിപിഎം നേതാവുമായ പിആര്‍ നടരാജന്‍ ആവശ്യപ്പെട്ടു. തമിഴ്‌നാട് സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ചാവണം ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടതെന്ന് നടരാജന്‍ ചൂണ്ടിക്കാട്ടി.