ഭോപാൽ- ഒരാൾക്ക് ഒരു പദവി നിയമപ്രകാരം മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽനാഥിന് ഒരു സ്ഥാനം നഷ്ടമായി. നിയമസഭ കക്ഷി നേതാവിന്റെ സ്ഥാനമാണ് ഒഴിവാക്കിയത്. പാർട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് കമൽനാഥ് തുടരും. പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്നുള്ള കമൽനാഥിന്റെ രാജി സ്വീകരിച്ചതായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അറിയിച്ചു. കോൺഗ്രസിന്റെ മുതിർന്ന നേതാവ് കെ.സി വേണുഗോപാൽ ഒപ്പുവെച്ച കത്തിൽ ഡോ.ഗോവിന്ദ് സിംഗിനെ പുതിയ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തതായി അറിയിച്ചു. ബിന്ദ് ജില്ലയിലെ ലഹാർ അസംബ്ലി സീറ്റിൽനിന്നുള്ള എം.എൽ.എയാണ് ഗോവിന്ദ് സിംഗ്. ഏഴു തവണ തുടർച്ചയായി ഇവിടെനിന്ന് വിജയിച്ചാണ് ഗോവിന്ദ് സിംഗ് നിയമസഭയിൽ എത്തിയത്. മുൻ മുഖ്യമന്ത്രി ദിഗ് വിജയ് സിംഗിന്റെ അടുത്ത അനുയായി കൂടിയാണ് ഗോവിന്ദ് സിംഗ്. നിയമസഭയിൽ ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉയർത്തുന്നത് തുടരുമെന്ന് ഗോവിന്ദ് സിംഗ് പറഞ്ഞു.
കമൽ നാഥ് രാജിവെച്ചിട്ടില്ലെന്നും എന്നാൽ തന്റെ ഉത്തരവാദിത്തങ്ങൾ താനുമായി പങ്കുവെക്കുകയായിരുന്നുവെന്ന് സിംഗ് പറഞ്ഞു. ഞാൻ അദ്ദേഹത്തിന്റെ സഹകാരിയായി പ്രവർത്തിക്കുകയും പൊതുപ്രശ്‌നങ്ങളിൽ ബി.ജെ.പി സർക്കാരിനെ ചോദ്യം ചെയ്യുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പ്രതിപക്ഷ നേതൃസ്ഥാനത്ത്‌നിന്ന് കമൽനാഥിനെ മാറ്റിയതിലൂടെ അദ്ദേഹത്തിന്റെ ചിറകരിഞ്ഞുവെന്നും മധ്യപ്രദേശ് കോൺഗ്രസിൽ ദിഗ് വിജയ് സിംഗിന്റെ യുഗം തിരിച്ചുവരികയാണെന്നും സംസ്ഥാന ബി.ജെ.പി മീഡിയ കൺവീനർ ലോകേന്ദ്ര പരാശർ ട്വീറ്റ് ചെയ്തു. ഗോത്രവർഗക്കാരനായ ഉമംഗിന് ആ സ്ഥാനം കൈമാറി കമൽനാഥ് നാളെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെക്കുമെന്നും സിംഗാർ ട്വീറ്റ് ചെയ്തു.
ഒരു ക്ഷത്രിയ രാഷ്ട്രീയക്കാരനെ നിയമസഭ കക്ഷി നേതാവായി നിയമിച്ചതിനെ സംസ്ഥാന ബി.ജെ.പി സെക്രട്ടറി രജനീഷ് അഗർവാളും ചോദ്യം ചെയ്തു. എസ്.സി, എസ്.ടി, ഒ.ബി.സി എന്നിവരുടെ പേരിൽ കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്നും പ്രധാന തസ്തികകളിലേക്ക് നിയമനം നടത്തുമ്പോൾ അവരെ വിശ്വസിക്കുന്നില്ലെന്ന് ഈ സംഭവവികാസം ഒരിക്കൽക്കൂടി തുറന്നുകാട്ടുന്നുവെന്നും രജനീഷ് അഗർവാൾ ആരോപിച്ചു.
2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി വിജയിച്ചതിന് ശേഷവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയായി നിയമിതനായപ്പോഴും കമൽനാഥ് കോൺഗ്രസ് സംസ്ഥാന ഘടകത്തിന്റെ തലവനായിരുന്നു.