ബെംഗളൂരു- നടിയും എം.പിയുമായ സുമലത അംബരീഷ് ബി.ജെ.പിയില്‍ ചേര്‍ന്നേക്കും. മാണ്ഡ്യ ലോക്സഭ സീറ്റില്‍ നിന്നുള്ള സ്വതന്ത്ര എം.പിയാണ് നിലവില്‍ സുമലത.
അന്തരിച്ച പ്രമുഖ നടനും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഭര്‍ത്താവ് അംബരീഷായിരുന്നു മാണ്ഡ്യയിലെ എംപി. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മാണ്ഡ്യ സീറ്റ് കോണ്‍ഗ്രസ് ജെ.ഡി.എസിന് വിട്ടു നല്‍കിയിരുന്നു. ഭര്‍ത്താവ് മത്സരിച്ചിരുന്ന മാണ്ഡ്യയില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് സുമലത സ്വതന്ത്രയായി മത്സരിക്കുകയായിരുന്നു. ബി.ജെ.പി അവര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തില്‍ മത്സരിച്ച തിരഞ്ഞെടുപ്പില്‍ എച്ച്.ഡി. കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയെ സുമലത പരാജയപ്പെടുത്തിയിരുന്നു.
അടുത്ത ആഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കര്‍ണാടകയില്‍ സന്ദര്‍ശനം നടത്താനിരിക്കെയാണ് സുമലത ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ഉയരുന്നത്. മെയ് മൂന്നിനാണ് അമിത് ഷാ ബെംഗളൂരുവിലെത്തുക. അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ സുമലത പാര്‍ട്ടി അംഗത്വം സ്വീകരിക്കുമെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ പറയുന്നത്.
മകനും യുവനടനുമായ അഭിഷേക് അംബരീഷിനെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ഇറക്കുന്നതിന് മുന്നോടിയായിട്ടാണ് സുമലതയുടെ ബി.ജെ.പി പ്രവേശമത്രെ.