മുംബൈ- സോഷ്യൽ മീഡിയാ ഭീമനായ ഫെയ്‌സ്ബുക്കിന്റെ ഡാറ്റാ മോഷണവും കേംബ്രിഡ്ജ് അനലിറ്റിക്ക പോലുള്ള സ്ഥാപനങ്ങൾ ഈ ഡാറ്റ ദുരുപയോഗം ചെയ്യുന്നതും വലിയ വിവാദമായ പശ്ചാത്തലത്തിൽ പ്രമുഖ വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് മേധാവിയുമായ ആനന്ദ് മഹീന്ദ്ര പുതിയ ഒരു ആശയവുമായി രംഗത്തെത്തിയിരിക്കുന്നു. ഫേസ്ബുക്ക് പോലുള്ള വിദേശ കമ്പനികൾ ഇന്ത്യക്കാരുടെ സ്വകാര്യതക്കും സുരക്ഷക്കും ഭീഷണിയാകുമ്പോൾ എന്തു കൊണ്ട് ഇന്ത്യക്കു സ്വന്തമായി ഒരു സോഷ്യൽ നെറ്റ്‌വർക്കിംഗ് വേദി ആയിക്കൂടാ എന്നാണ് മഹീന്ദ്രയുടെ ചോദ്യം.
'പ്രൊഫഷണലായി മാനേജ് ചെയ്യുന്ന, പൂർണ നിയന്ത്രണങ്ങളുള്ള ഒരു സോഷ്യൽ മീഡിയ കമ്പനി സ്ഥാപിക്കുന്ന കാര്യം പരിഗണിക്കാൻ സമയമായില്ലെ? ഈ മേഖലയിൽ വല്ല സ്റ്റാർട്ടപ്പുകളും ഉണ്ടോ? ഇത്തരമൊരു പദ്ധതിയുമായി നടക്കുന്ന ഏതെങ്കിലും യുവ സംഘങ്ങൾ ഉണ്ടെങ്കിൽ എനിക്ക് നിങ്ങളെ സഹായിക്കാനാകും' അദ്ദേഹം ട്വീറ്റിലൂടെ അറിയിച്ചു.
ഫേസ്ബുക്ക് വൻ വീഴ്ചയെ കുറിച്ചുള്ള ഏറ്റവും പുതിയ ഇക്കണൊമിസ്റ്റ് വാരികയുടെ കവർ ചിത്രത്തോടൊപ്പമാണ് മഹീന്ദ്രയുടെ ട്വീറ്റ്. ഒരു ഇന്ത്യൻ സോഷ്യൽ മീഡിയാ കമ്പനി രൂപീകരിക്കാൻ പ്രാരംഭ ഫണ്ട് നൽകാമെന്ന സഹായ വാഗ്ദാനവും അദ്ദേഹം മുന്നോട്ടുവെക്കുന്നു. ഇതു ട്വിറ്ററിൽ വലിയ പ്രതികരണമാണുണ്ടാക്കിയത്. ഇത്തരമൊരു ആശയവുമായി മുന്നോട്ടു വന്ന ആനന്ദ് മഹീന്ദ്രയെ അഭിനന്ദിച്ചു ട്വീറ്റ് ചെയ്തവരിൽ ഐടി മന്ത്രി രവി ശങ്കർ പ്രസാദടക്കം നിരവധി പ്രമുഖരുമുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നായ ടെക്ക് മഹീന്ദ്ര സ്വന്തമായുള്ള ആനന്ദ് മഹീന്ദ്രയുടെ പുതിയ നീക്കം ടെക്ക് ലോകം പ്രതീക്ഷയോടെയാണ് നോക്കുന്നത്. മികച്ച സാമ്പത്തിക നിലയിലുള്ള ടെക്ക് മഹീന്ദ്രയ്ക്ക് ഒരു സോഷ്യൽ മീഡിയ സൈറ്റ് തുടങ്ങാനുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുണ്ട്. എങ്കിലും ഇന്ത്യയ്ക്കു സ്വന്തമായി ഒരു ഫേസ്ബുക്ക് ഉണ്ടാക്കാൻ പുതിയ സംരംഭകർക്കായി കാത്തിരിക്കുകയാണ് മഹീന്ദ്ര.