ബംഗളൂരു- ഭഗവദ് ഗീതയെ ഖുര്‍ആനും ബൈബിളുമായും താരതമ്യം ചെയ്യാന്‍ കഴിയില്ലെന്ന്് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ്. സംസ്ഥാനത്തെ ഒരു സ്‌കൂളില്‍ ബൈബിള്‍ വായന നിര്‍ബന്ധമാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. ബൈബിളും ഖുര്‍ആനും മതഗ്രന്ഥങ്ങളാണെന്നും എന്നാല്‍ ജീവിതം നയിക്കാന്‍ ആവശ്യമായ മൂല്യങ്ങളെക്കുറിച്ചാണ് ഭഗവദ്ഗീത പറയുന്നതെന്നും മന്ത്രി പറഞ്ഞു. ഭഗവദ്ഗീത മോറല്‍ സയന്‍സ് സിലബസില്‍ ഉള്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തെ ബംഗളൂരു ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മക്കാഡോ നേരത്തെ ചോദ്യം ചെയ്തിരുന്നു.
മതത്തില്‍ വിശ്വസിക്കുന്നവര്‍ അതാത് മതഗ്രന്ഥങ്ങള്‍ വായിക്കണമെന്നാണ് ബൈബിളും ഖുര്‍ആനും പറയുന്നത്.
എന്നാല്‍ ഭഗവദ്ഗീത മതത്തെക്കുറിച്ചല്ല സംസാരിക്കുന്നതെന്നും അതുകൊണ്ടുതന്നെ ഖുര്‍ആനും ബൈബിളും പോലുള്ള മറ്റ് മതഗ്രന്ഥങ്ങളുമായി ഭഗവദ് ഗീതയെ താരതമ്യം ചെയ്യാന്‍ കഴിയില്ല. സ്വാമി വിവേകാനന്ദനെയും മറ്റുള്ളവരെയും പോലെ നിങ്ങള്‍ക്ക് യേശുവിന്റെ ജീവിതത്തെക്കുറിച്ച് പഠിപ്പിക്കാം, എന്നാല്‍ വിദ്യാര്‍ത്ഥികളില്‍ മതഗ്രന്ഥങ്ങള്‍ അടിച്ചേല്‍പ്പിക്കരുത്- മന്ത്രി പറഞ്ഞു.