Sorry, you need to enable JavaScript to visit this website.

ബ്രിട്ടനില്‍ 56 എംപിമാര്‍ക്കെതിരെ ലൈംഗിക പീഡന ആരോപണം

ലണ്ടന്‍- ബ്രിട്ടനില്‍ മൂന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെ 56 എംപിമാര്‍ ലൈംഗികാതിക്രമം നടത്തിയതായി റിപ്പോര്‍ട്ട്. ഇന്‍ഡിപെന്‍ഡന്റ് കംപ്ലയിന്റ്‌സ് ആന്‍ഡ് ഗ്രീവന്‍സ് സ്‌കീമിന് (ഐസിജിഎസ്) കീഴിലാണ് 56 എംപിമാരുടെ പേരുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ മൂന്ന് മന്ത്രിമാരും ഉള്‍പ്പെടുന്നുവെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലൈംഗികമായി അനുചിതമായ പെരുമാറ്റം മുതല്‍ ഗുരുതരമായ തെറ്റുകള്‍ വരെ ചെയ്തവരുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മിക്ക എംപിമാരും സ്റ്റാഫിലെ ഏതെങ്കിലും വനിതാ അംഗത്തിന് ലൈംഗികതക്കായി കൈക്കൂലി നല്‍കിയതായും ആരോപണമുണ്ട്. എന്നാല്‍, കഴിഞ്ഞ രണ്ട് മൂന്ന് പതിറ്റാണ്ടായി കാര്യങ്ങള്‍ മെച്ചപ്പെട്ടിരിക്കുകയാണെന്നാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ചെയര്‍മാന്‍ ഒലിവര്‍ ഡൗഡന്‍ പറഞ്ഞത്. മുമ്പത്തെപ്പോലെ വെസ്റ്റ്മിനിസ്റ്ററില്‍ ഇപ്പോള്‍ കാര്യങ്ങള്‍ നടക്കില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞു. എന്നാല്‍, എംപിമാര്‍ ലൈംഗികതക്കായി സ്ഥാനം ദുരുപയോഗം ചെയ്യുന്നവരോ അല്ലെങ്കില്‍ അഴിമതി കാണിക്കുന്നവരോ ആണെങ്കില്‍ നടപടി ഉടന്‍ വേണമെന്ന് ട്രഷറിയുടെ ഷാഡോ ഇക്കണോമിക് സെക്രട്ടറി തുലിപ് സിദ്ദിഖ് പറഞ്ഞു.
2018ലാണ് ക്രോസ്പാര്‍ട്ടി പിന്തുണയോടെ സ്വതന്ത്ര ഏജന്‍സിയായി ഐസിജിഎസ് രൂപീകരിച്ചത്. തുടര്‍ന്നാണ് എംപിമാര്‍ക്കും മന്ത്രിമാര്‍ക്കുമെതിരെ ഇത്രയേറെ പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എംപിമാരുടെ പേരുവിവരങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, ഐസിജിഎസില്‍ നല്‍കിയ പരാതികളില്‍ ഒരെണ്ണമെങ്കിലും ക്രിമിനല്‍ കുറ്റവുമായി ബന്ധപ്പെട്ടതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
15 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട് ടോറി എംപി ഇംറാന്‍ അഹമ്മദ് ഖാന്‍ രാജി സമര്‍പ്പിച്ചതിന് തൊട്ടുപിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ഈ മാസമാദ്യം, മറ്റൊരു ടോറി എംപിയായ ഡേവിഡ് വാര്‍ബര്‍ട്ടണെതിരെയും ലൈംഗിക പീഡനാരോപണവും കൊക്കെയ്ന്‍ ഉപയോഗ ആരോപണവും ഉന്നയിച്ചിരുന്നു. എല്ലാ ആരോപണങ്ങളും ഗൗരവത്തോടെയാണ് കാണുന്നതെന്നും പരാതികളുള്ള ആര്‍ക്കും മുന്നോട്ടുവരാമെന്നും ബ്രിട്ടീഷ് ഗവണ്‍മെന്റ് വക്താവ് സണ്‍ഡേ ടൈംസിനോട് പറഞ്ഞു.
 

Latest News