കൊല്ലം- മലബാര്‍ എക്‌സ്പ്രസിന്റെ കോച്ചിനുള്ളില്‍ അജ്ഞാതനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് ഏറെ നേരം മലബാര്‍ എക്‌സ്പ്രസ് കൊല്ലത്ത് നിര്‍ത്തിയിട്ടു. കൊല്ലത്തിനും കായംകുളത്തിനുമിടയില്‍ വച്ചാണ് സംഭവമുണ്ടായത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അജ്ഞാതനെ അംഗപരിമിതരുടെ കോച്ചിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലത്ത് വച്ച് ട്രെയിന്‍ നിര്‍ത്തിയ സമയത്ത് ഒരു യാത്രക്കാരന്‍ കോച്ച് തുറന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് റെയില്‍വേ ഗാര്‍ഡിനെയും പൊലീസിനെയും വിവരമറിയിച്ചു.
അല്‍പസമയം മുന്‍പാണ് മരണം സ്ഥിരീകരിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അതേസമയം മരിച്ചയാളെ കായംകുളത്ത് വച്ച് കണ്ടവരുണ്ടെന്ന് പോലീസ് പറഞ്ഞു. റെയില്‍വേ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.