Sorry, you need to enable JavaScript to visit this website.

തീവ്രഹിന്ദുത്വ നിലപാടുകൾ പകർത്താനാണോ ഗുജറാത്ത് സന്ദർശനമെന്ന് കെ.സുധാകരൻ

കോഴിക്കോട്- തീവ്രഹിന്ദുത്വനിലപാടുകളുടെ വിളനിലവും ന്യൂനപക്ഷങ്ങളുടെ രക്തം വീണ് കുതിർന്നതുമായ ഗുജറാത്ത് മാതൃക പകർത്തി കേരളത്തിൽ നടപ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണോ സി.പി.എം നിയന്ത്രിക്കുന്ന കേരള സർക്കാർ ഉദ്യോഗസ്ഥ സംഘത്തെ അയക്കുന്നതിന് പിന്നിലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി. പറഞ്ഞു.
കോർപ്പറേറ്റുകളുടെ സമ്പത്തിൽ വൻ വർധനവുണ്ടാവുകയും സാധാരണക്കാരുടെ ജീവിതനിലവാരം വളരെ താഴോട്ട് പോവുകയും ചെയ്യുന്നതാണ് 'ഗുജറാത്ത് മോഡൽ വികസനം'.
ബൃന്ദാകാരാട്ട് ഉൾപ്പെടെയുള്ള സി.പി.എമ്മിന്റെ ദേശീയ നേതൃത്വം തുടർച്ചയായി വിമർശിക്കുന്ന ഗുജറാത്ത് മോഡൽ വികസനം പഠിക്കാനാണ് മുഖ്യമന്ത്രി തന്റെ ഉദ്യോഗസ്ഥരെ അയക്കുന്നത്. ജനങ്ങളുടെ പ്രശ്‌നങ്ങളും ദുരിതങ്ങളും തിരിച്ചറിയാതെ ഒരുവിഭാഗത്തിന്റെ മാത്രം താൽപര്യം സംരക്ഷിച്ച് ഏകപക്ഷീയ തീരുമാനം അടിച്ചേൽപ്പിക്കുന്ന സമീപനമാണ് ഗുജറാത്ത് സർക്കാരിന്റേത്. കെ.റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകുന്ന കേരളസർക്കാരിനും ഗുജറാത്ത് സർക്കാരിനും ഇക്കാര്യത്തിൽ സമാനതകൾ ഏറെയാണ്. എല്ലാമേഖലയിലും നമ്പർ വണ്ണെന്ന്  കോടികൾ ചെലവാക്കി പരസ്യം നൽകുന്ന മുഖ്യമന്ത്രിക്ക് ഗുജറാത്തിൽ നിന്ന് ഇനിയെന്ത് പഠിക്കാനാണുള്ളതെന്നും സുധാകരൻ പരിഹസിച്ചു.
ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള ബന്ധം ഭരണതലത്തിലേക്കും വ്യാപിക്കുന്നതിന്റെ ഭാഗമാണ് ഈ സന്ദർശനമെന്ന് കരുതണം. മോഡിയും പിണറായി വിജയനും തമ്മിലുള്ള ആത്മബന്ധമാണ് ഗുജറാത്ത് മാതൃക പഠിക്കാൻ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ച ഘടകമെന്നും സുധാകരൻ പറഞ്ഞു.

Latest News