ബംഗളൂരു- യെദിയൂരപ്പയാണ് ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതി സർക്കാറെന്ന് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ. യെദിയൂരപ്പക്ക് സമീപമിരുന്ന് പത്രസമ്മേളനം നടത്തവെയാണ് അമിത്ഷാക്ക് നാക്ക് പിഴച്ചത്. കർണാടകയിലെ ദേവനാഗരയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് അമിത് ഷാക്ക് പിഴച്ചത്. ഇന്ത്യയിൽ അഴിമതിയുടെ ഒന്നാം സ്ഥാനത്ത് ഒരു സർക്കാരുണ്ടെങ്കിൽ അത് കർണാടകയിലെ യെദിയൂരപ്പയുടേതാണ് എന്നായിരുന്നു പത്രസമ്മേളനത്തിൽ അമിത് ഷാ പറഞ്ഞത്. അമിത്ഷാക്ക് നാക്കുപിഴച്ചെന്ന് ബോധ്യപ്പെട്ടയുടൻ അടുത്തുണ്ടായിരുന്നയാൾ ഉടൻ പാർട്ടി നേതാവിന്റെ കാതിൽ പേര് മാറിയെന്ന് മന്ത്രിച്ചു. ഉടൻ അമിത് ഷാ തിരുത്തിയെങ്കിലും ഇത് വൈറലായി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും അമിത് ഷായുടെ പ്രയോഗം ഷെയർ ചെയ്തു. യെദിയൂരപ്പ ഗവൺമെന്റാണ് ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതി സർക്കാറെന്ന് അമിത്ഷാ പറഞ്ഞത് ശരിയാണെന്ന് രാഹുൽ ട്വീറ്റ് ചെയ്തു.