അബുദാബി- ഒരു കോവിഡ് മരണംപോലും റിപ്പോര്‍ട്ട് ചെയ്യാത്ത 50 ദിവസങ്ങള്‍ പൂര്‍ത്തിയാക്കി യു.എ.ഇ. ചൊവ്വാഴ്ച എമിറേറ്റ്സില്‍ 207 പുതിയ കോവിഡ് കേസുകളും 336 രോഗമുക്തിയും രേഖപ്പെടുത്തി. പ്രതിദിന കേസുകള്‍ 300-ല്‍ താഴെയാണ്. ഈ വര്‍ഷം ജനുവരി പകുതിയില്‍ 3000 ത്തിലേറെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
കോവിഡ് ബാധ വിജയകരമായി കൈകാര്യം ചെയ്യുകയും നിയന്ത്രണത്തിന് കര്‍ശനമായ നയങ്ങള്‍ പാലിക്കുകയും ചെയ്തതാണ് ഈ നേട്ടത്തിന് അടിസ്ഥാനം. ആള്‍ക്കൂട്ടങ്ങളിലും പൊതുഗതാഗതത്തിലും മറ്റും മാസ്‌ക് ധരിക്കുന്നത് ഇപ്പോഴും ആവശ്യമാണെങ്കിലും, മറ്റു മിക്ക നിയന്ത്രണങ്ങളും നീക്കം ചെയ്തിട്ടുണ്ട്. ഇത് പൊതുജനങ്ങള്‍ക്ക് ആശ്വാസമായി. കോവിഡ് -19 വാകസിന്‍ എടുത്ത് യു.എ.ഇയിലേക്ക് വരുന്ന യാത്രക്കാര്‍ക്കുള്ള പി.സി.ആര്‍ പരിശോധനയും അധികൃതര്‍ അടുത്തിടെ നീക്കം ചെയ്തു. രാജ്യത്തെ സ്‌കൂളുകള്‍ 100 ശതമാനം ഓണ്‍-സൈറ്റ് ലേണിംഗിലേക്ക് മടങ്ങിയെത്തി.