ഭോപാല്‍- മധ്യപ്രദേശിലെ ഭിന്‍ഡില്‍ മണല്‍ മാഫിയക്കെതിരെ വാര്‍ത്ത നല്‍കിയ യുവ മാധ്യമപ്രവര്‍ത്തകനെ സ്‌കൂട്ടറില്‍ യാത്രചെയ്യവേ ട്രക്കു കയറ്റി ദാരുണമായി കൊലപ്പെടുത്തി. ഈ കൊലപാതകത്തിന്റെ സിസിടിവി ദൃശ്യം വ്യാപകമായി പ്രചരിക്കുകയാണിപ്പോള്‍. 35കാരനായ സന്ദീപ് ശര്‍മയാണ് കൊല്ലപ്പെട്ടത്. ഒരു ദേശീയ ചാനലിന്റെ റിപ്പോര്‍ട്ടറായ ശര്‍മ ഈ മേഖലയില്‍ കരുത്തരായ മണല്‍ മാഫിയയുടെ അനധികൃത നീക്കങ്ങള്‍ക്കെതിരെ നിരന്തരം വാര്‍ത്ത നല്‍കി വരികയായിരുന്നു. തന്റെ ജീവനു ഭീഷണിയുള്ളതായി നേരത്തെ ശര്‍മ പോലീസിനു പരാതി നല്‍കുകയും ചെയ്തിരുന്നെങ്കിലും പോലീസ് സുരക്ഷ നല്‍കിയിരുന്നില്ല. പോലീസ് സ്‌റ്റേഷനു സമീപത്തു വെച്ചാണ് ശര്‍മയെ മാഫിയാ സംഘം ദാരുണമായി കൊലപ്പെടുത്തിയത്.
പോലീസും മണല്‍ മാഫിയയും തമ്മിലുള്ള ബന്ധം വെളിച്ചത്തു കൊണ്ടു വരാനുള്ള അന്വേഷണത്തിലായിരുന്നു ശര്‍മ. ഇതിനിടെയാണ് കൊലപാതകം. റോഡിലൂടെ ഇരുചക്രവാഹനത്തില്‍ പോകുകയായിരുന്ന ശര്‍മയെ പിറകിലായി എത്തിയ ട്രക്ക് പൊടുന്നനെ ഇടതു വശത്തേക്ക് തിരിച്ച് ശര്‍മയെ ഇടിച്ചു വീഴ്ത്തി മുകളിലൂടെ കയറ്റുകയായിരുന്നു. റോഡിനു പുറത്തേക്കു പോയ ട്രക്ക് നിര്‍ത്താതെ ഓടിച്ചു പോകുന്നതും വീഡിയോയില്‍ കാണാം.