കണ്ണൂർ- കെ റെയിൽ വിഷയത്തിൽ തല്ലാനുള്ള സാഹചര്യം യു.ഡി.എഫും ബി.ജെ.പിയും ഉണ്ടാക്കരുതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മുന്നറിയിപ്പ്. കണ്ണൂരിൽ മാധ്യ മപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കോടിയേരി. കെ റെയിൽ സമരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കണ്ണൂരിലുണ്ടായത് സ്വാഭാവിക പ്രതികരണം മാത്രമാണ്. റെയിൽ സമരക്കാരെ തല്ലാനൊന്നും സി.പി.എം തീരുമാനിച്ചിട്ടില്ല. കല്ലുകൾ പിഴുതുമാറ്റാൻ രാഷ്ട്രീയമായി തീരുമാനിച്ച് ബി.ജെ.പിയും കോൺഗ്രസും രംഗത്തിറങ്ങിയതാണ്. സ്വാഭാവികമായും അതിന്റെ പ്രതികരണവും ഉണ്ടാവും. യു.ഡി.എഫ് പിഴുതുമാറ്റുന്ന കല്ലുകൾ എൽ.ഡി.എഫുകാർ പുനഃസ്ഥാപിക്കുന്നതിൽ എന്താണ് തെറ്റ്? ജനങ്ങൾ എല്ലായിടത്തും പദ്ധതിക്ക് അനുകൂലമായി മുന്നോട്ടുവരികയാണ്. നേരത്തെ പിഴുതുമാറ്റിയ കല്ലുകൾ പുനഃസ്ഥാപിക്കണമെന്ന് ജനങ്ങൾ തന്നെ ആവശ്യപ്പെട്ടുകൊണ്ടിരിക്കയാണ്. ജനങ്ങൾ അല്ല സമരം ചെയ്യുന്നത് . യു.ഡി.എഫുകാരും ബി.ജെ.പിക്കാരുമാണ്. തല്ല് ഒന്നിനും പരിഹാരമല്ല, പക്ഷെ തല്ലാനുള്ള സാഹചര്യം ബി.ജെ.പിയും കോൺഗ്രസും ഉണ്ടാക്കരുത്- കോടിയേരി മുന്നറിയിപ്പ് നൽകി.
പദ്ധതിക്കായി സ്ഥലം വിട്ടുകൊടുക്കുന്നവരുടെ പ്രശ്‌നം പരിഹരിക്കും. അതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. മാർക്കറ്റ് വിലയേക്കാൾ കൂടുതൽ വില നൽകും. മുൻസിപ്പൽ തലത്തിൽ രണ്ടര ഇരട്ടിയും പഞ്ചായത്ത് തലത്തിൽ നാലര ഇരട്ടിയും വില നൽകും. ഇതും പോരെങ്കിൽ പ്രശ്‌നം പരിഹരിക്കാൻ കമ്മിറ്റി രൂപീകരിക്കും. അതിൽ ജനപ്രതിനിധികളും ഉൾപ്പെടും. കോടിയേരി വ്യക്തമാക്കി.
കെ റെയിൽ സംവാദത്തിൽ നിന്ന് രാഷ്ട്രീയ നിരീക്ഷകൻ ജോസഫ് സി.മാത്യുവിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, ആരാണീ ജോസഫ് മാത്യു എന്നായിരുന്നു കോടിയേരിയുടെ മറു ചോദ്യം. കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്ന സംവാദത്തിൽ ആരൊക്കെ പങ്കെടുക്കണമെന്ന് തീരുമാനിക്കുന്നത് സി.പി.എം അല്ല, കെ റെയിൽ അധികൃതരാണെന്നും കോടിയേരി കൂട്ടിച്ചേർത്തു.