ന്യൂദല്‍ഹി- ക്ലാസ് മുറിയില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന വിദ്യാര്‍ഥിനികളുടെ ആവശ്യം തള്ളിയ കര്‍ണാടക ഹൈക്കോടതി വിധിക്കെതിരായ ഹരജികള്‍ പരിഗണിക്കാന്‍ സുപ്രീം കോടതി സമ്മതിച്ചു.
അടിയന്തര വാദം കേള്‍ക്കണമെന്ന് ഹരജിക്കാരില്‍ ഒരാള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക മീനാക്ഷി അറോറയുടെ ആവശ്യം ചീഫ് ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്.
ലിസ്റ്റ് ചെയ്യാമെന്നും രണ്ട് ദിവസം കാത്തിരിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഉഡുപ്പിയിലെ ഗവണ്‍മെന്റ് പ്രീയൂണിവേഴ്‌സിറ്റി ഗേള്‍സ് കോളേജിലെ മുസ്്‌ലിം വിദ്യാര്‍ഥിനികളാണ് ക്ലാസ് മുറിയില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജികള്‍ സമര്‍പ്പിച്ചിരുന്നത്.
ഹിജാബ് അനിവാര്യമായ മത ആചാരത്തിന്റെ ഭാഗമല്ലെന്നും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം സംരക്ഷണത്തിന് അവകാശമില്ലെന്നും ചൂണ്ടിക്കാട്ടി കര്‍ണാടക ഹൈക്കോടതി ഹരജികള്‍ തള്ളി.
സ്‌കൂള്‍ യൂണിഫോം ന്യായമായ നിയന്ത്രണം മാത്രമാണെന്നും ഭരണഘടനാപരമായി അനുവദനീയമാണെന്നും വിദ്യാര്‍ത്ഥികള്‍ക്ക് എതിര്‍ക്കാന്‍ കഴിയില്ലെന്നുമാണ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്.
ഹിജാബ് ധരിക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന കാര്യം ഹൈക്കോടതി പരിഗണിച്ചില്ലെന്ന് സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
1983ലെ കര്‍ണാടക വിദ്യാഭ്യാസ നിയമത്തിലെ 7, 133 വകുപ്പുകള്‍ പ്രകാരം പുറപ്പെടുവിച്ച 2022 ഫെബ്രുവരി അഞ്ചിലെ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് മൗലികാവകാശം ലംഘിക്കുന്നതാണെന്ന് ആരോപിച്ചാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നതെന്നും സുപ്രീം കോടതി മുമ്പാകെ ബോധിപ്പിച്ചു.
ഉത്തരവ് പുറപ്പെടുവിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും അത് അസാധുവാക്കുന്നതിന് കേസെടുക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
സ്‌കൂളുകളിലും കോളേജുകളിലും സമത്വത്തിനും അഖണ്ഡതയ്ക്കും പൊതു ക്രമത്തിനും ഭംഗം വരുത്തുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിലൂടെ നിരോധിച്ചിരുന്നത്. ഇതാണ് മുസ്്‌ലിം പെണ്‍കുട്ടികള്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്.