Sorry, you need to enable JavaScript to visit this website.

കുട്ടിയെ തട്ടിക്കൊണ്ടുപോയത് അച്ഛന്റെ സഹോദരന്മാരല്ല, വ്യാജ സിദ്ധന്‍

ലാഹോര്‍- പാക്കിസ്ഥാനിലെ സ്വാത് മേഖലയിലുള്ള മിംഗോറ പട്ടണത്തില്‍നിന്ന് തട്ടിക്കൊണ്ടുപോയി തടവിലാക്കിയ സിഖ് ബാലനെ അഞ്ച് മാസത്തിനുശേഷം കണ്ടെത്തി. മകനെ തട്ടിക്കൊണ്ടുപോയത് തന്റെ സഹോദരന്മാരാണെന്നാണ് പിതാവ് പരാതി നല്‍കിയിരുന്നതെങ്കിലും വ്യാജ സിദ്ധനില്‍നിന്നാണ് കുട്ടിയെ കണ്ടെത്തിയതെന്ന് മിംഗോറ പോലീസ് പറഞ്ഞു. തട്ടിക്കൊണ്ടുപോയവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

മകന്‍ തരണ്‍ കുമാറിനെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് സഹോദരങ്ങളായ ജനം രാജ്, പ്രേം ചന്ദ്, അനന്തരവന്‍ ജതീന്ദര്‍ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് മിംഗോറ സ്വദേശിയായ കരംചന്ദ് പരാതി നല്‍കിയിരുന്നത്. അന്വേഷണത്തില്‍ ഇവര്‍ നിരപരാധികളാണെന്ന് ബോധ്യപ്പെട്ടുവെന്നും കൂടുതല്‍ അന്വേഷണം  നടത്തിയതോടെയാണ് യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടെത്താന്‍ കഴിഞ്ഞതെന്നും പോലീസ് പറഞ്ഞു.
ലാഹോറിലെ കേദാം പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന വ്യാജ സിദ്ധനായ താജ് മുഹമ്മദില്‍നിന്നാണ് തരണ്‍ കുമാറിനെ മോചിപ്പിച്ചത്.
സിഖ് കുടുംബവുമായി ചങ്ങാത്തത്തിലായ സിദ്ധന്‍ പിന്നീട് തരണിനെ ലാഹോറിലേക്ക് കൊണ്ടുപോയി മോചനദ്രവ്യത്തിനായി അവിടെ തടവിലാക്കുകയായിരുന്നു.
അഞ്ച് മാസത്തിലേറെയായി തരണ്‍ കുമാര്‍ എവിടെയാണെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. തട്ടിക്കൊണ്ടുപോയവര്‍ ഏകദേശം 5.5 ദശലക്ഷം രൂപ  പിതാവില്‍ നിന്ന് കൈപ്പറ്റിയതായി ഡി.എസ്.പി ഹസ്രത്ത് പറഞ്ഞു.
പോലീസ് അന്വേഷണം യഥാര്‍ത്ഥ കുറ്റവാളിയിലേക്കും കൂട്ടാളിയായ ഭാര്യാസഹോദരനിലേക്കും എത്തിച്ചതായും അവരെ അറസ്റ്റ് ചെയ്തായും അദ്ദേഹം പറഞ്ഞു.
തനിക്ക് ആത്മീയ ശക്തിയുണ്ടെന്നും ഭാവി സംഭവങ്ങള്‍ പറയാന്‍ കഴിയുമെന്നും വിശ്വസിപ്പിച്ചാണ്  താജ് മുഹമ്മദ് കുട്ടിയുടെ കുടുംബത്തോട് ചങ്ങാത്തത്തിലായിരുന്നതെന്ന് ഡി.എസ്.പി പറഞ്ഞു.

 

Latest News