മുംബൈ-ഉച്ചഭാഷിണി സ്ഥാപിക്കാനോ നീക്കം ചെയ്യാനോ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ദിലീപ് വാല്‍സെ പാട്ടീല്‍.
ബാങ്ക് വിളി, ഹനുമാന്‍ ചാലിസ എന്നിവയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ രൂക്ഷമായതിനിടെ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സുപ്രീം കോടതി ഉത്തരവ് പ്രകാരം രാവിലെ ആറു മുതല്‍ രാത്രി 10 വരെ ഉച്ചഭാഷിണി ഉപയോഗിക്കാനാണ് അനുമതിയെന്നും രാത്രി 10 മുതല്‍ രാവിലെ ആറ് വരെ ഇത് നിരോധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2005ലെ സുപ്രീം കോടതി ഉത്തരവ് രാജ്യത്തുടനീളം ബാധകമാണ്.
ക്രമസമാധാനം നിലനിര്‍ത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ആരെങ്കിലും അത് ലംഘിച്ചാല്‍ പോലീസ് നടപടിയെടുക്കും. കേന്ദ്രം ദേശീയതലത്തില്‍ ഉച്ചഭാഷിണി നയം ഉണ്ടാക്കിയാല്‍ സംസ്ഥാനങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ സര്‍വകക്ഷി പ്രതിനിധി സംഘത്തെ നിയോഗിക്കും.
ബാങ്ക് വിളിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഇപ്പോള്‍ തീരുമാനമെടുത്താല്‍ അത് മറ്റ് മതപരമായ ചടങ്ങുകളിലും സ്വാധീനം ചെലുത്തും. ഗണപതി ഉത്സവവും നവരാത്രിയും ഗ്രാമപ്രദേശങ്ങളില്‍ ഭജനകളുമുണ്ട്. ഓരോ ചടങ്ങിനും വെവ്വേറെ തീരുമാനങ്ങള്‍ എടുക്കാന്‍ സര്‍ക്കാരിന് കഴിയില്ല. ഉച്ചഭാഷിണിയുടെ കാര്യത്തില്‍ സുപ്രീം കോടതിയുടെ തീരുമാനം രാജ്യത്തിനാകെ ബാധകമാണ്. അതിനാല്‍, എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമായ നിയമങ്ങളോ നയങ്ങളോ കേന്ദ്രം തീരുമാനിക്കണം- പാട്ടീല്‍ പറഞ്ഞു.
പള്ളികളില്‍ ഉച്ചഭാഷിണി നിരോധിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ട പശ്ചാത്തലത്തില്‍ നടന്ന യോഗത്തില്‍ നിന്ന് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ്, എംഎന്‍എസ് മേധാവി രാജ് താക്കറെ എന്നിവര്‍ വിട്ടുനിന്നു. മെയ് മൂന്നിനകം പള്ളികളില്‍ നിന്ന് ഉച്ചഭാഷിണികള്‍ നീക്കം ചെയ്യണമെന്ന അന്ത്യശാസനത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് എംഎന്‍എസ് പ്രതിനിധികള്‍ യോഗത്തില്‍ പറഞ്ഞിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. എന്നാല്‍, തങ്ങളുടെ അന്ത്യശാസനത്തില്‍ മാറ്റമില്ലെന്ന് യോഗത്തിന് ശേഷം എംഎന്‍എസ് വ്യക്തമാക്കി.
അതേസമയം, ഉച്ചഭാഷിണി പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി സംഘം കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്ന് ടൂറിസം മന്ത്രി ആദിത്യ താക്കറെ പറഞ്ഞു.
ക്രമസമാധാനപാലനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കണമെന്ന് ഉപമുഖ്യമന്ത്രി അജിത് പവാര്‍ അഭ്യര്‍ത്ഥിച്ചു.
സര്‍വകക്ഷിയോഗം ബഹിഷ്‌കരിക്കാനുള്ള ബിജെപിയുടെ തീരുമാനത്തെ ഫഡ്‌നാവിസ് ന്യായീകരിച്ചു. ആളുകള്‍ ഹിറ്റ്‌ലറുടെ വേഷം കെട്ടുമ്പോള്‍ സംഭാഷണത്തിനു പകരം പോരാട്ടമാണ് നല്ലതെന്ന് തങ്ങള്‍ തീരുമാനിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ആഭ്യന്തര മന്ത്രിയെ വിമര്‍ശിച്ചാണ് അദ്ദേഹത്തിന്റെ വിമര്‍ശം. മുഖ്യമന്ത്രി യോഗത്തില്‍ അധ്യക്ഷത വഹിക്കണമായിരുന്നുവെന്നും ഫഡ്‌നാവിസ് പറഞ്ഞു.