Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രൈമറി സ്‌കൂളില്‍നിന്ന് അധ്യാപകരെ ലക്ചററായി നിയമിക്കുന്നു- പി.കെ. ഫിറോസ്

കോഴിക്കോട്- രണ്ടാം പിണറായി സര്‍ക്കാര്‍ ചട്ടങ്ങളും നിയമങ്ങളും മറികടന്ന് സര്‍ക്കാര്‍ സര്‍വീസില്‍ പാര്‍ട്ടിക്കാരെയും സ്വന്തക്കാരെയും സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരിക്കയാണ്. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡയറ്റില്‍ ലക്ചര്‍ തസ്തികയില്‍ 89 പേരെയാണ് സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്ന് കോഴിക്കോട് നടത്തിയ പത്രസമ്മേളനത്തില്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് ആരോപിച്ചു.

2018 നവംബറിലാണ് പാര്‍ട്ടിക്ക് താത്പര്യമുള്ള 89 ആളുകളെ പ്രൈമറി ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ നിന്നും ഡെപ്യട്ടേഷന്‍ വ്യവസ്ഥയില്‍ ഡയറ്റില്‍ ലക്ചര്‍ ആയി നിയമിക്കുന്നത്. സ്‌പെഷ്യല്‍ റൂള്‍ ഫ്രെയിം ചെയ്തതില്‍ ഭേദഗതി ആവശ്യമുണ്ടെന്ന കാരണം പറഞ്ഞാണ് പി.എസ്.സി വഴി നിയമനം നടത്താതെ ഡെപ്യൂട്ടേഷന്‍ നിയമനങ്ങള്‍ നടത്തിയത്. എന്നാല്‍ 2021
ഫെബ്രുവരി 19ന് സ്‌പെഷല്‍ റൂള്‍ ഫ്രെയിം ചെയ്തതിലെ അപാകം പരിഹരിച്ച് വിജ്ഞാപനമിറക്കിയിട്ടും സ്‌പെഷ്യല്‍ റൂള്‍ അനുസരിച്ചുള്ള ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

2022 മാര്‍ച്ച് 25നും 2022 ഏപ്രില്‍ ഏഴിനും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഡയറ്റ് പ്രിന്‍സിപ്പല്‍മാര്‍ക്ക് അയച്ച കത്ത് പ്രകാരം 89 പേരെയും സ്ഥിരപ്പെടുത്താനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് വ്യക്തമാണ്. ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്ത് പി.എസ്.സി. പരീക്ഷയിലൂടെയും ഇന്റര്‍വ്യൂവിലൂടെയും യോഗ്യരായവരെ തെരെഞ്ഞെടുത്ത് നിയമനം നടത്തുന്നതിന് പകരമാണ് പിന്‍വാതില്‍ വഴി പാര്‍ട്ടിക്കാരെ സ്ഥിരപ്പെടത്താന്‍ നീക്കം നടത്തുന്നത്. പ്രൈമറി, ഹൈസ്‌കൂള്‍ തലങ്ങളില്‍ ജോലി ചെയ്ത പാര്‍ട്ടിക്കാര്‍ക്ക് കുറുക്ക് വഴിയിലൂടെ ഉയര്‍ന്ന ശമ്പളവും പദവിയും ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഈ വഴിവിട്ട നീക്കങ്ങള്‍ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് ഫിറോസ് പറഞ്ഞു.
ഈ 89 പേരും പാര്‍ട്ടി നേതാക്കളോ പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവരോ ആണ്. ജിജോ കെ.എസ്.ടി.എ ഇടുക്കി ജില്ല സെക്രട്ടറിയാണ്. ഷാജഹാന്‍ എ.എം. കെ.എസ്.ടി.എ സംസ്ഥാന കമ്മറ്റി മെമ്പറാണ്. സംഗീത സി.പി.എമ്മിന്റെ കോളേജ് അധ്യാപക സംഘടനയുടെ നേതാവ് പ്രകാശന്‍ മാസ്റ്ററുടെ ഭാര്യയാണ്. അനുപമ കേരള ക്ലേ ആന്റ് സെറാമിക്‌സ് മാനേജിംഗ് ഡയറക്ടറുടെ ഭാര്യയാണ്. പാര്‍ട്ടി നേതാക്കളെയും സ്വന്തക്കാരെയും പിന്‍വാതില്‍ വഴി നിയമിക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ അടിയന്തിരമായി പിന്‍മാറണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെടുന്നു.

സ്‌പെഷ്യല്‍ റൂള്‍ പ്രകാരമുള്ള പൂര്‍ണമായ ഒഴിവുകള്‍ എത്രയും വേഗം പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്ത് നിയമനങ്ങള്‍ പി.എസ്.സി വഴി നടത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെടുന്നു.

 

Latest News