ഗുവാഹത്തി- കോടതി ജാമ്യം നൽകി പുറത്തിറങ്ങിയ ഉടൻ ഗുജറാത്തിൽനിന്നുള്ള കോൺഗ്രസ് എം.എൽ.എ ജിഗ്നേഷ് മേവാനിയെ അസം പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രി മോഡിക്ക് എതിരായ ട്വീറ്റിന് പിറകെയാണ് മേവാനിയെ അറസ്റ്റ് ചെയ്തത്. ഈ കേസിൽ ബർപെട്ട പോലീസ് അറസ്റ്റ് ചെയ്ത മേവാനിക്ക് ജാമ്യം ലഭിച്ചിരുന്നു. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഉടനെയാണ് പുതിയ അറസ്റ്റ്. ഈ അറസ്റ്റിന്റെ കാരണം വ്യക്തമായിട്ടില്ല.
ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് മേവാനിയിലെ ഗുജറാത്തിലെ വീട്ടിലെത്തി അസം പോലീസ് അറസ്റ്റ് ചെയ്തത്. കുറ്റകരമായ ഗൂഢാലോചന, മതവികാരം വ്രണപ്പെടുത്തൽ, സമാധാനന്തരീഷം തകർക്കൽ തുടങ്ങിയ കുറ്റങ്ങളായിരുന്നു ചുമത്തിയത്. ഈ കേസിൽ കൊക്രോഝാർ കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടർന്നാണ് മറ്റൊരു കേസിൽ വീണ്ടും അറസ്റ്റ് ചെയ്തത്. ഗുജറാത്തിലെ വദ്ഗാം മണ്ഡലത്തിൽനിന്നുള്ള എം.എൽ.എയാണ് ജിഗ്നേഷ് മേവാനി.