ഹൈദരാബാദ്- സിവില്‍ തര്‍ക്കങ്ങളില്‍ ഇടപെടരുതെന്നും നിയമത്തെ അതിന്റെ വഴിക്ക് വിടണമെന്നും പാര്‍ട്ടി നേതാക്കളേയും പ്രവര്‍ത്തകരേയും ഉപദേശിച്ച് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) നേതാവ് അസദുദ്ദീന്‍ ഉവൈസി.
കര്‍ണാടകയിലെ ഹുബ്ബള്ളിയിലുണ്ടായ കല്ലേറുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ നഗരസഭാംഗം നസീര്‍ അഹമ്മദ് ഹോനിയലിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
ഭൂമിയുമായും നിര്‍മാണവുമായും ബന്ധപ്പെട്ട ഒരു തരത്തിലുള്ള വിഷയങ്ങളിലും ഇടപെടരുതെന്ന് നിങ്ങളെ എല്ലാവരേയും ഉപദേശിക്കാനാണ് ഇവിടെ വന്നതെന്ന് തെലങ്കാനയില്‍ പാര്‍ട്ടി പ്രവര്‍ത്തകെര അഭിസംബോധന ചെയ്ത് ഉവൈസി പറഞ്ഞു.
അടുത്തിടെ ഒരു സ്ഥലത്തുണ്ടായ ഭൂമി തര്‍ക്കത്തില്‍ രണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇടപെട്ടതിനെ തുടര്‍ന്ന് അവര്‍ക്ക് അധികൃതരുടെ നോട്ടീസ് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അവരെ ഓഫീസിലേക്ക് വിളിച്ചുവരുത്തി സംസാരിച്ചപ്പോള്‍ അവര്‍ അബദ്ധം അംഗീകരിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തുവെന്ന് ഉവൈസി പറഞ്ഞു.
സിവില്‍ തര്‍ക്കത്തില്‍ അനാവശ്യമായി ഇടപെടരുത്. നിയമത്തെ അതിന്റെ വഴിക്ക് പോകാന്‍ അനുവദിക്കണം. ജനങ്ങളെ സഹായിക്കുകയാണ് നമ്മുടെ ദൗത്യമെന്നും പൊതുജനങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയുടെ പേര് കളങ്കപ്പെടുത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഉവൈസി മുന്നറിയിപ്പ് നല്‍കി. എംഎല്‍എമാരായാലും കോര്‍പ്പറേറ്റര്‍മാരായാലും പാര്‍ട്ടി പ്രവര്‍ത്തകര്‍ പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്നതിന് പകരം അവരെ സഹായിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പേരില്‍ ഏപ്രില്‍ 16 ന് കര്‍ണാടകയിലെ ഹുബ്ബള്ളിയിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടി നേതാവ് നസീര്‍ അഹമ്മദ് ഹോനിയലിനെ ഹുബ്ബള്ളി പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കലാപത്തിനു പ്രേരിപ്പിച്ചുവെന്നാണ് കേസ്.
ഹുബ്ബള്ളി വിഷയത്തില്‍ പാര്‍ട്ടി നേതാക്കള്‍ നിരപരാധികളാണെന്നും കോടതി തീരുമാനിക്കട്ടെയെന്നും ഉവൈസി പറഞ്ഞു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാക്കളും അറസ്റ്റിലായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.