ലഖ്നൗ - ഉത്തര്‍പ്രദേശില്‍ പട്ടാപ്പകല്‍ തിരക്കേറിയ റോഡില്‍ മൂന്നംഗസംഘം യുവാവിനെ കുത്തിക്കൊലപ്പെടുത്തി. മീററ്റിലാണ് സംഭവം. ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തെത്തി. വ്യക്തിവൈരാഗ്യത്തിന്റെ പേരിലുണ്ടായ ആക്രമണമാണെന്നും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് അറിയിച്ചു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആക്രമണം നടക്കുന്നതിനിടെ വാഹനങ്ങളും ആളുകളും കടന്നുപോകുന്നത് ദൃശ്യങ്ങളില്‍ കാണാം.
അക്രമികളില്‍ രണ്ടുപേര്‍ ചേര്‍ന്ന് യുവാവിനെ പിടിച്ചുവെക്കുകയും ചുവന്ന ഷര്‍ട്ടിട്ട മൂന്നാമന്‍ തുരുതുരെ കുത്തുന്നതും വ്യക്തമാണ്. തുടര്‍ന്ന് മൂവരും യുവാവിനെ അവിടെ ഉപേക്ഷിച്ച ശേഷം പല ദിശകളിലേക്ക് നീങ്ങുന്നു. ഇതിനിടെ കുത്തേറ്റ യുവാവ് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതുകണ്ട്, ചുവന്ന ഷര്‍ട്ടിട്ട ആള്‍ തിരികെവന്ന് വീണ്ടും ആക്രമിക്കുന്നു. എന്നാല്‍ ആരും അക്രമികളെ തടയാനോ യുവാവിനെ രക്ഷിക്കാനോ ശ്രമിക്കുന്നില്ല.
കൊല്ലപ്പെട്ടയാളുടെ പേര് സാജിദ് എന്നാണെന്നാണ് വിവരം. ആക്രമിച്ചവരില്‍ ഒരാള്‍, സജിദിന്റെ അമ്മാവനാണത്രെ.