കൊച്ചി- മൊഫിയ പര്‍വീണിന്റെ ആത്മഹത്യയില്‍ ആരോപണ വിധേയനായ സി.ഐ സുധീറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിനെതിരെ മൊഫിയയുടെ കുടുംബം. സി.ഐ സുധീറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത് തെറ്റായ നടപടിയാണെന്ന് മൊഫിയയുടെ പിതാവ് ദില്‍ഷാദ് കെ. സലീം പറഞ്ഞു. സുധീറിനെതിരെ ആത്മഹത്യപ്രരണക്ക് കേസെടുക്കണമെന്ന ആവശ്യം പരിഗണിച്ചില്ല.
മൊഫിയയുടെ ആത്മഹത്യയില്‍ സി. ഐക്ക് പങ്കുണ്ട്. സി.ഐക്കെതിരായ റിപ്പോര്‍ട്ടാണ് സര്‍ക്കാരിലേക്ക് പോയത്. പിന്നീട് എന്തു സംഭവിച്ചെന്നറിയില്ലെന്നും പിതാവ് പറഞ്ഞു. ഇപ്പോള്‍ അര്‍ത്തുങ്കല്‍ സി.ഐ ആയി സുധീറിനെ നിയമിച്ചിരിക്കുകയാണ്. ഒന്നാം പ്രതിയായ മൊഫിയയുടെ ഭര്‍ത്താവിന് തീവ്രവാദ ബന്ധമുണ്ടെന്നും ഇയാളെ ചോദ്യം ചെയ്യാന്‍ പൊലീസിന് കഴിഞ്ഞില്ലെന്നും ദില്‍ഷാദ് കുറ്റപ്പെടുത്തി. മകളുടെ മരണത്തില്‍ സി.ബി. ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.