ലഖ്നൗ- ലഖീംപൂര്‍ ഖേരി കൂട്ടക്കൊല കേസിലെ മുഖ്യപ്രതിയായ ആശിഷ് മിശ്ര കോടതിയില്‍ കീഴടങ്ങി. സുപ്രീംകോടതി നിര്‍ദ്ദേശമനുസരിച്ചാണ് ആശിഷ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. 3.25ഓടെ മിശ്രയെ ലഖീംപൂര്‍ ഖേരി ജില്ലാ ജയിലിലേക്ക് മാറ്റി. സ്ഥലത്ത് വന്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനായ ആശിഷിന് മുന്‍പ് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടര്‍ന്ന് പുറത്തിറങ്ങിയെങ്കിലും സുപ്രീംകോടതി ജാമ്യം റദ്ദാക്കി ആശിഷിനോട് കീഴടങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെ ബെഞ്ചാണ് ഏപ്രില്‍ 18ന് ഒരാഴ്ചയ്ക്കകം കീഴടങ്ങാന്‍ ആശിഷിനോട് ആവശ്യപ്പെട്ടത്. കാലാവധി പൂര്‍ത്തിയാകാന്‍ ഒരുദിവസം ബാക്കിനില്‍ക്കെയാണ് ആശിഷ് ഇന്ന് കീഴടങ്ങിയത്.
2021 ഒക്ടോബര്‍ മാസത്തില്‍ യുപിയിലെ ലഖീംപൂര്‍ ഖേരിയില്‍ സമരം ചെയ്യുകയായിരുന്ന കര്‍ഷകര്‍ക്ക് നേരെ വാഹനം ഓടിച്ചുകയറ്റി കൊലപ്പെടുത്തിയ സംഭവമാണ് ലഖീംപൂര്‍ ഖേരി കൂട്ടക്കൊല. നാല് കര്‍ഷകരാണ് സംഭവസ്ഥലത്ത് മരിച്ചത്. ഒക്ടോബര്‍ ഒന്‍പതിന് അറസ്റ്റ് ചെയ്യപ്പെട്ട ആശിഷിന് ഫെബ്രുവരിയില്‍ ജാമ്യം ലഭിച്ചു.