Sorry, you need to enable JavaScript to visit this website.

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങളിലൂടെ 17 ലക്ഷം പേര്‍ക്ക് എയ്ഡ്‌സ് ബാധിച്ചു

ന്യൂദല്‍ഹി- സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ കഴിഞ്ഞ പത്ത് കൊല്ലത്തിനിടെ രാജ്യത്ത് എച്ച്.ഐ.വി ബാധിച്ചത് 17 ലക്ഷത്തില്‍പരം പേര്‍ക്കെന്ന് നാഷണല്‍ എയ്ഡ്സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍. സാമൂഹികപ്രവര്‍ത്തകനായ ചന്ദ്രശേഖര ഗോര്‍ വിവരാവകാശനിയമപ്രകാരം ഫയല്‍ ചെയ്ത അപേക്ഷയിലാണ് സംഘടന ഇതു സംബന്ധിച്ച കണക്ക് കൈമാറിയത്. 2011 മുതല്‍ 2021 വരെയുള്ള പത്ത് വര്‍ഷത്തിനിടെ 17,08,777 പേരാണ് വൈറസ് ബാധിതരായത്.

പത്ത് വര്‍ഷത്തിനിടെ എച്ച്.ഐ.വി ബാധിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്.  സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നുമുള്ള കണക്കുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നു. 2011-12 കാലയളവില്‍ സുരക്ഷിതമാര്‍ഗങ്ങള്‍ അവലംബിക്കാതെയുള്ള ലൈംഗികബന്ധത്തിലൂടെ 2.5 ലക്ഷം പേര്‍ എച്ച്.ഐ.വി ബാധിതരായെങ്കിലും 2020-21 കാലയളവില്‍ എച്ച്.ഐ.വി ബാധിതരായവരുടെ എണ്ണം 85,268 ആയി ചുരുങ്ങിയിട്ടുണ്ട്.

സംസ്ഥാനാടിസ്ഥാനത്തിലുള്ള കണക്കനുസരിച്ച് ആന്ധ്രാപ്രദേശാണ് എച്ച്.ഐ.വി. ബാധിതരുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത്. 3,18,814 പേരാണ് സംസ്ഥാനത്ത് പത്ത് കൊല്ലത്തിനിടെ രോഗബാധിതരായത്. മഹാരാഷ്ട്രയാണ്  രണ്ടാം സ്ഥാനത്തുള്ളത്. 2,84,547 പേര്‍ എച്ച്.ഐ.വി ബാധിതരായി. കര്‍ണാടകയില്‍ 2,12,982, തമിഴ്നാട്ടില്‍ 1,16,536, ഉത്തര്‍പ്രദേശില്‍ 1,10,911, ഗുജറാത്തില്‍ 87,440 എന്നിങ്ങനെയാണ് പട്ടികയില്‍ ആദ്യ സ്ഥാനത്തുള്ള സംസ്ഥാനങ്ങളുടെ കണക്ക്.

 

Latest News