കൊല്‍ക്കത്ത- ഐക്യത്തിന്റേയും പരസ്പര ബഹുമാനത്തിന്റേയും സന്ദേശമോതി ബിഷപ്പ് ഹൗസില്‍ ഒരുക്കിയ ഇഫ്താറില്‍ വിവിധ മതങ്ങളുടെ പ്രതിനിധികള്‍ സംബന്ധിച്ചു.
ഐക്യവും സാഹോദര്യവും പ്രോത്സാഹിപ്പിക്കാനും മറ്റു വിശ്വാസങ്ങളെ ബഹുമാനിക്കാനുമാണ് സര്‍വമത ഇഫ്താര്‍ ഒരുക്കിയതെന്ന് സംഘാടകര്‍ പറഞ്ഞു.
ഇത്തരം മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നഗരത്തിലാണ് ഏകത്വത്തിന്റേയും സാഹോദര്യത്തിന്റേയും ഇഫ്താര്‍ ആഘോഷിച്ചതെന്ന് ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യയുടെ കൊല്‍ക്കത്ത രൂപത ബിഷപ്പ് റവ. പരിതോഷ് കാനിംഗ് പറഞ്ഞു.
ബംഗാളില്‍ ഈ ഐക്യം ശക്തമാണെന്നും നമ്മുടെ സംസ്ഥാനത്തെ മറ്റുള്ളവര്‍ക്ക് മാതൃകയാക്കാമെന്നും അദ്ദേഹം പറഞ്ഞു. മതങ്ങളും വിശ്വാസങ്ങളും തമ്മിലുള്ള ഐക്യവും ധാരണയും ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റവ. തോമസ് ഡിസൂസ, ഗുരുദ്വാര ബെഹാല ജനറല്‍ സെക്രട്ടറി സത്‌നം സിംഗ് അലുവാലിയ, ടോളിഗഞ്ച് സംബോധി ബുദ്ധിസ്റ്റ് മൊണാസ്ട്രി ഡയറക്ടര്‍ അരുണ്‍ ജ്യോതി ഭിക്കു, രാമകൃഷ്ണ മിഷന്‍ കള്‍ചറല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ സ്വാമി വേദസ്വരൂപാനന്ദ, ജൈന സന്യാസി ഡോ. മുന്നി മണി കുമാര്‍ മഹാരാജ്, മൗലാന സയ്യിദ് സാക്കിര്‍ ഹസന്‍ റിസ്‌വി തുടങ്ങിയവര്‍ യുണൈറ്റഡ് ഇന്റര്‍ഫെയ്ത്ത് ഫൗണ്ടേഷനും ഐഎച്ച്എ ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ഇഫ്താറില്‍ പങ്കെടുത്തു.
വ്യത്യസ്ത വിശ്വാസങ്ങളിലുള്ള ആളുകള്‍ തമ്മിലുള്ള സംഭാഷണം മനുഷ്യരാശിയെ അജ്ഞതയില്‍നിന്നും ഏറ്റുമുട്ടലില്‍നിന്നും രക്ഷിക്കുമെന്നും ഐക്യവും സാഹോദര്യവും പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പരിപാടികള്‍ എല്ലാവര്‍ക്കും ആവശ്യമാണെന്നും യുണൈറ്റഡ് ഇന്റര്‍ഫെയ്ത്ത് ഫൗണ്ടേഷന്‍ വക്താവ് അലുവാലിയ പറഞ്ഞു.
മതപരമായ ഭിന്നതകളും തടസ്സങ്ങളും മനുഷ്യര്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി ഉണ്ടാക്കിയതാണെന്നും അത് നാം വിശ്വസിക്കുന്ന മഹാശക്തിയുടെ സൃഷ്ടിയല്ലെന്നും ഇഫ്താറില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന ഖാരിഅ് മൗലാന ഫസ്‌ലുര്‍ റഹ്മാന്‍ സന്ദേശത്തില്‍ പറഞ്ഞു.