Sorry, you need to enable JavaScript to visit this website.

മുഷിഞ്ഞ നാപ്കിൻ പുറത്തു കണ്ടതിന് 40 പെൺകുട്ടികളെ തുണിയഴിച്ച് പരിശോധിച്ചു

ഭോപാൽ- ഉപയോഗിച്ച ശേഷം ഉപേക്ഷിച്ച നിലയിൽ ഹോസ്റ്റൽ പരിസരത്തു നാപ്കിൻ കണ്ടതിനെ തുടർന്ന് മധ്യപ്രദേശിലെ സാഗറിൽ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ നാൽപതോളം വിദ്യാർത്ഥിനികളെ അധികൃതർ തുണിയുരിഞ്ഞ് പരിശോധന നടത്തി. ഡോ. ഹരിസിങ് ഗൗർ യൂണിവേഴിസിറ്റിയിലാണ് ഈ പ്രാകൃത സംഭവം. ഹോസ്റ്റലിലെ ശുചിമുറിക്കു സമീപം നാപ്കിൻ കണ്ടുവെന്ന് പറഞ്ഞ് വാർഡനും കെയർടേക്കറും ചേർന്ന് ശരീര പരിശോധന നടത്തിയെന്ന് പെൺകുട്ടികൾ യൂണിവേഴ്‌സിറ്റി വി.സിക്ക് പരാതി നൽകിയിട്ടുണ്ട്.

ഉപയോഗിച്ച നാപ്കിൻ ആരാണ് പുറത്തിട്ടതെന്ന് തെളിയിക്കുന്നതിന് ആർത്തവമുള്ള പെൺകുട്ടികളെ തെരഞ്ഞെടുപിടിക്കാൻ വാർഡനാണ് ഈ പരിശോധനയ്ക്ക് ഉത്തരവിട്ടതെന്ന് വിദ്യാർത്ഥിനികൾ ആരോപിക്കുന്നു. സംഭവം അപലപനീയമാണെന്ന് വി.സി ആർ പി തിവാരി പ്രതികരിച്ചു. ഇക്കാര്യം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാർത്ഥിനികൾ എനിക്ക് മക്കളെ പോലെയാണ്. അവരോട് ഞാൻ ക്ഷമ ചോദിച്ചിട്ടുണ്ട്. വാർഡന്റെ ഭാഗത്തു തെറ്റുണ്ടെന്ന് തെളിഞ്ഞാൽ തീർച്ചയായും അവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വിദ്യാർത്ഥിനികൾക്ക് ഉറപ്പു നൽകിയിട്ടുണ്ട്്-വിസി പറഞ്ഞു. അതേസമയം വാർഡനും കെയർടേക്കറും ഈ സംഭവം നിഷേധിച്ചിട്ടുണ്ട്.
 

Latest News