ലണ്ടൻ- കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന ബ്രിട്ടീഷ് കമ്പനി ഫേസ്ബുക്കിലെ യൂസർമാരുടെ ഡാറ്റ ചോർത്തി യു.എസിലേയും ബ്രിട്ടനിലേയും വോട്ടെടുപ്പുകളിൽ ജനങ്ങളെ സ്വാധീനിച്ച സംഭവത്തിൽ ക്ഷമാപണവുമായി ഫേസ്ബുക്ക് ഉടമ മാർക്ക് സക്കർബർഗിന്റെ പരസ്യം. ന്യൂയോർക്ക് ടൈംസ്, വാഷിങ്ടൺ പോസ്റ്റ്, വോൾസ്ട്രീറ്റ് ജേണൽ എന്നീ മുൻനിര യു.എസ് പത്രങ്ങളിലും ടൈംസ്, മെയൽ, മിറർ, എക്‌സ്പ്രസ്, ദി ഒബ്‌സർവർ, ടെലഗ്രാഫ് എന്നീ ബ്രിട്ടീഷ് പത്രങ്ങളിലും മുഴുപ്പേജ് പരസ്യത്തിലൂടെയാണ് സക്കർബർഗ് മാപ്പു ചോദിച്ചിരിക്കുന്നത്.
2013ൽ ഫേസ്ബുക്കിൽ വന്ന ഒരു ക്വിസ് ആപ്പ് ഉപയോഗിച്ച് 2014ൽ കോടിക്കണക്കിന് യൂസർമാരുടെ ഡാറ്റ ചോർത്തിയ സംഭവമാണ് ക്ഷമാപണത്തിൽ പരാമർശിക്കുന്നത്. ഇത് വിശ്വാസ ലംഘനമാണെന്നും ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ ഉറപ്പു വരുത്തുമെന്നും സക്കർബർഗ് ഒപ്പു വച്ച പരസ്യം പറയുന്നു. തേർഡ് പാർട്ടി ആപ്പുകൾക്ക് കൂടുതൽ വിവരങ്ങൽ നൽകുന്നത് ഫേസ്ബുക്ക് നേരത്തെ തന്നെ തടഞ്ഞിട്ടിട്ടുണ്ടെന്നും ഇത് ഇനിയും പരിമിതപ്പെടുത്തുമെന്നും കമ്പനി വ്യക്തമാക്കുന്നു. ഡാറ്റ ചേർത്തുന്ന ആപ്പുകൾ ഇനിയുമുണ്ടെന്നും പരസ്യത്തിൽ കമ്പനി സമ്മതിക്കുന്നുണ്ട്. ഡാറ്റ ചോർത്തുന്ന എല്ലാ ആപ്പുകളേയും നിരോധിക്കുമെന്നും കമ്പനി പറയുന്നു.
ഡാറ്റാ മോഷണം പുറത്തായ പശ്ചാത്തലത്തിൽ നേരത്തെ സക്കർബർഗ് വീഴ്ച സമ്മതിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിനു തൊട്ടുപിറകെയാണ് ക്ഷമാപണവുമായി പത്രപരസ്യം.