പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികളില്‍ 'രണ്ടു വിരല്‍' പരിശോധന അരുത്- മദ്രാസ് ഹൈക്കോടതി

ചെന്നൈ- ലൈംഗികാതിക്രമത്തെ അതിജീവിക്കുന്ന പെണ്‍കുട്ടികളില്‍ 'രണ്ടു വിരല്‍' പരിശോധന നടത്താന്‍  പാടില്ലെന്നും ഇതില്‍നിന്നു മെഡിക്കല്‍ വിദഗ്ധരെ തടയണമെന്നും മദ്രാസ് ഹൈക്കോടതി സര്‍ക്കാരിനോട് ഉത്തരവിട്ടു. ഈ 'ദുരാചാരം' എന്നെന്നേക്കുമായി അവസാനിപ്പിക്കണം. അതിജീവിതകളുടെ സ്വകാര്യത, അന്തസ്സ് എന്നീ അവകാശങ്ങളെ ലംഘിക്കുന്ന പരിശോധന ഭരണഘടനാവിരുദ്ധമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയും പല ഹൈക്കോടതികളും പറഞ്ഞിട്ടും ഇപ്പോഴും ഈ രീതി തുടരുന്നതില്‍ ഹൈക്കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.

ലൈംഗിക കുറ്റകൃത്യങ്ങളില്‍, പ്രത്യേകിച്ച് പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെട്ടവയില്‍ ഈ പരിശോധന ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്ന് ജസ്റ്റിസുമാരായ ആര്‍.സുബ്രഹ്‌മണ്യന്‍, എന്‍.സതീഷ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജീവപര്യന്തം തടവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു പ്രതി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണു പരിശോധന ചര്‍ച്ചാവിഷയമായത്.

ഹരിയാന, ഗുജറാത്ത് ഹൈക്കോടതികള്‍ ഇത് സംബന്ധിച്ച് മുമ്പ് നടത്തിയ വിധിന്യായങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മദ്രാസ് ഹൈക്കോടതി രണ്ട് വിരല്‍ പരിശോധന നിരോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.

 

Latest News