ഹൈദരാബാദ്- തെലങ്കാനയില്‍ വീണ്ടും ഇലക്ട്രിക് സ്‌കൂട്ടര്‍ ബാറ്ററി പൊട്ടിത്തെറിച്ച് അപകടം. വിജയവാഡയിലാണ് സംഭവം. ഇലക്ട്രിക് സ്‌കൂട്ടര്‍ ബാറ്ററി കിടപ്പുമുറിയില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് ഗൃഹനാഥന്‍ മരിച്ചു. ശിവകുമാര്‍ എന്നയാളാണ് മരിച്ചത്. അപകടത്തില്‍ ശിവകുമാറിന്റെ ഭാര്യക്കും രണ്ടു മക്കള്‍ക്കും ഗുരുതരമായി പൊള്ളലേറ്റു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.
ബാറ്ററി പൊട്ടിത്തെറിച്ചതോടെ ശിവകുമാറിനും ഭാര്യക്കും രണ്ട് കുട്ടികള്‍ക്കും പൊള്ളലേറ്റു. ഇവരുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തി അവരെ നാലുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ശിവകുമാര്‍ മരണപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ ശിവകുമാറിന്റെ ഭാര്യയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ചയാണ് ശിവകുമാര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങിയത്.