ആലപ്പുഴ - മറ്റ് മാനേജ്‌മെന്റുകള്‍ തയാറായാല്‍ എയ്ഡഡ് നിയമനം സര്‍ക്കാരിന് വിട്ടുകൊടുക്കാന്‍ എസ്.എന്‍.ഡി.പി യോഗവും തയാറാണെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്.എന്‍.ഡി.പി യോഗത്തിന്റെയും എസ്.എന്‍ ട്രസ്റ്റിന്റെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും നിയമനം ഇത്തരത്തില്‍ സര്‍ക്കാരിന് വിട്ടുനല്‍കാമെന്നും അദ്ദേഹം പറഞ്ഞു. പി.എസ്.സി വഴിയുള്ള നിയമനം വരുമ്പോള്‍ ഈഴവ സമുദായം നേരിട്ട അനീതി വ്യക്തമാകുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ഇവിടെ ജനസംഖ്യ കുറവുള്ള സമുദായങ്ങള്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ കൈവശം വെച്ചിരിക്കുകയാണെന്നും, അവിടെയെല്ലാം നിയമനം നടത്തുന്നത് മാനേജ്‌മെന്റും ശമ്പളം നല്‍കുന്നത് സര്‍ക്കാരുമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഇത് എന്ത് ജനാധിപത്യമാണ്. കേരളത്തില്‍ മാത്രമാണിതുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിലെ ജനസംഖ്യയില്‍ സമുദായാവസ്ഥയില്‍ ഉണ്ടായ മാറ്റവും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. ഇവിടെ ചില വിഭാഗങ്ങള്‍ ജനസംഖ്യയില്‍ വളര്‍ച്ച നേടിയപ്പോള്‍ 33 ശതമാനമുണ്ടായിരുന്ന ഈഴവ സമുദായം 25 ശതമാനമായി കുറഞ്ഞെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇവിടെ സംവരണംപോലും അട്ടിമറിക്കപ്പെടുന്ന സ്ഥിതിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ചേര്‍ത്തല പൂച്ചക്കലില്‍ മൈക്രോ ഫിനാന്‍സ് വായ്പാ വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.