ന്യൂദൽഹി- ഗൂഗിൾ പ്ലേ സ്‌റ്റോറിൽ ലഭ്യമായ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആപ്പ് ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തി സമ്മതമില്ലാതെ അമേരിക്കൻ കമ്പനിക്കു നൽകുന്നുവെന്ന ആരോപണം ഉയർന്നതോടെ ഇതുവരെ ഉണ്ടായിരുന്ന ആപ്പിലെ പ്രൈവസി പോളിസി രഹസ്യമായി തിരുത്തി എഴുതി. വ്യക്തികളുടെ പേര്, ഇ-മെയിൽ തുടങ്ങിയ വ്യക്തി വിവരങ്ങൾ അമേരിക്കൻ കമ്പനിയായ ക്ലവർ ടാപ് എന്ന കമ്പനിയുടെ തേർഡ് പാർട്ടി ഡൊമയിനിലേക്ക് ആപ്പ് സബ്മിറ്റ് ചെയ്യുന്നു എന്നാണ് വിദേശ സുരക്ഷാ വിദഗ്ദൻ കണ്ടെത്തിയത്. യൂസർ എക്‌സ്പീരിയൻസ് മെച്ചപ്പെടുത്താൻ വേണ്ടിയാണ് ഈ വിവരങ്ങൾ തേർഡ് പാർട്ടി പ്രോസസ് ചെയ്യുന്നത് എന്നാണു മറു വാദം.
അതേസമയം, നരേന്ദ്ര മോഡി ആപ്പിന്റെ പ്രൈവസി പോളിസിയിലോ ടേംസ് ഓഫ് സർവീസിലോ വ്യക്തിഗത വിവരങ്ങൾ തേർഡ് പാർട്ടി ഡൊമൈനുകൾക്ക് കൊടുക്കുന്നതിനെ പറ്റി പരാമർശിച്ചിട്ടില്ലായിരുന്നു എന്നതാണ് വസ്തുത. ഈ പഴുത് ഉപയോഗിച്ചായിരുന്നു ഡാറ്റ മോഷണം നടത്തിവന്നത്. മാത്രമല്ല ഈ വിവരങ്ങൾ ഉപഭോക്താവിനെ കോണ്ടാക്റ്റ് ചെയ്യാൻ അല്ലാതെ മറ്റൊന്നിനും ഉപയോഗിക്കില്ല എന്ന ഉറപ്പും നൽകിയിരുന്നു.
ഡാറ്റ മോഷണം വിവാദമായതോടെ ഇപ്പോൾ ആപ്പിലേയും മോഡിയുടെ വെബ്‌സൈറ്റിലേയും പ്രവസി പോളിസി ആരുമറിയാതെ തിരുത്തി എഴുതിയിരിക്കുന്നു. വ്യാജ വാർത്ത പൊളിച്ചടുക്കുന്ന ഓൾട്ട് ന്യൂസ് ഡോട്ട് ഇൻ ആണ് ഈ രഹസ്യ മാറ്റം വെളിച്ചത്തു കൊണ്ടു വന്നത്.