Sorry, you need to enable JavaScript to visit this website.

പ്രധാനമന്ത്രിയുടെ വിദേശയാത്രാ വിവരങ്ങൾ വെളിപ്പെടുത്തരുതെന്ന് എയർ ഇന്ത്യക്ക് നിർദേശം

ന്യൂദൽഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡി വിദേശ യാത്രകൾ നടത്തിയ ചാർട്ടേഡ് വിമാനങ്ങൾ സംബന്ധിച്ച വിവരങ്ങൾ വിവരം വിവരാവകാശ നിയമപ്രകാരം നൽകരുതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് എയർ ഇന്ത്യയ്ക്കു നിർദേശം നൽകി. ഈ വിവരം ആരാഞ്ഞ് വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിന് എയർ ഇന്ത്യ നൽകിയ മറുപടിയിലാണ് ഇതു വ്യക്തമായത്. സുരക്ഷാ കാരണങ്ങളാലാണ് ഈ വിലക്കെന്നും എയർ ഇന്ത്യ അറിയിക്കുന്നു. 2016 നവംബർ മുതൽ പ്രധാനമന്ത്രി വിദേശ യാത്രകൾക്കുപയോഗിച്ച എയർ ഇന്ത്യയുടെ ചാർട്ടേഡ് വിമാനങ്ങളുടെ ചെലവുകൾ സംബന്ധിച്ച ബില്ലുകളും ഈ ബില്ലുകൾ വിദേശകാര്യ മന്ത്രാലയം വ്യോമയാന മന്ത്രാലയത്തിനയച്ച തീയതിയും അടക്കമുള്ള വിവരങ്ങൾ ആരാഞ്ഞ വിവരാവകാശ പ്രവർത്തകൻ ലോകേഷ് ബത്രയ്ക്കു എയർ ഇന്ത്യ നൽകിയ മറുപടിയാണിത്.
ഈ വിവരങ്ങൾ നൽകാനാവില്ലെന്ന് അറിയിച്ച എയർ ഇന്ത്യ സെൻട്രൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ പ്രധാമന്ത്രിയുടെ ഓഫീസ് എയർ ഇന്ത്യയ്ക്കു നൽകിയ ഇമെയിൽ നിർദേശത്തിന്റെ പകർപ്പും ബത്രയ്ക്കു നൽകിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വിമാന യാത്രകളുടെ വിവരങ്ങളിൽ സുരക്ഷാ പ്രധാന്യമുള്ള കാര്യങ്ങളും അടങ്ങിയിട്ടുണ്ടാകാം. അതു കൊണ്ട് ഈ വിവരം വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക് മറുപടിയായി നൽകരുതെന്നാണ് പ്രധാമന്ത്രിയുടെ ഓഫീസ് എയർ ഇന്ത്യക്ക് അയച്ച ഇ മെയിൽ നിർദേശത്തിന്റെ ഉള്ളടക്കം.
എന്നാൽ കേന്ദ്ര വിവരാവകാശ കമ്മീഷന്റേയോ കോടതികളുടെയോ ഉത്തരവില്ലാതെ ഇത്തരം വിവരങ്ങൾ തടയാൻ പാടില്ലെന്നാണ് വിവരാവകാശ നിയമം പറയുന്നതെന്നും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദേശ പ്രകാരം വിവരം തടയുന്നത് ഗൗരവമേറിയ വീഴ്ചയാണെന്നും ബത്ര ചൂണ്ടിക്കാട്ടുന്നു. ഇതു സംബന്ധിച്ച് കമ്മീഷനും പരാതി നൽകുമെന്നും ബത്ര മുന്നറിയിപ്പു നൽകി.
 

Latest News