പട്‌ന-രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവ് തേജസ്വി യാദവ് സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പങ്കെടുത്തു. ബോചഹാന്‍ ഉപതെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡി വിജയിച്ചതിന് ശേഷം തേജസ്വി യാദവ് സംഘടിപ്പിച്ച പാര്‍ട്ടി പലതുകൊണ്ടും ശ്രദ്ധേയമായി.
ആര്‍ജെഡി നേതാവിന്റെ പട്‌നയിലെ വസതിയില്‍ ഇഫ്താര്‍ പാര്‍ട്ടിക്കായി എത്തിയവരില്‍ ബി.ജെ.പി നേതാക്കളായ അവധേഷ് നാരായണ് സിംഗ്, സയ്യിദ് ഷാനവാസ് ഹുസൈന്‍, ലോക് ജനശക്തി പാര്‍ട്ടി നേതാവ് ചിരാഗ് പാസ്വാന്‍, തേജസ്വി യാദവിന്റെ സഹോദരങ്ങളായ തേജ് പ്രതാപ് യാദവ്, മിസ ഭാരതി, അമ്മ റാബ്രി ദേവി എന്നിവരും ഉള്‍പ്പെടുന്നു.
അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തേജസ്വി യാദവിന്റെ വീട്ടില്‍ നടന്ന ഇഫ്താര്‍ വിരുന്നില്‍ നിതീഷ് കുമാര്‍ പങ്കെടുത്തത്. 2017 ലായിരുന്നു അവസാനത്തേത്. ഇതിനു പിന്നാലെയാണ് ജനതാദള്‍ (യുണൈറ്റഡ്) നേതാവായിരുന്ന നിതീഷ് കുമാര്‍ ബിഹാറിലെ മഹാസഖ്യം ഉപേക്ഷിച്ച് ബി.ജെ.പിയുമായി സഖ്യം പുനരരാംഭിച്ചത്. ഇതോടെ നിതീഷ് കുമാറും ലാലു യാദവിന്റെ കുടുംബവും തമ്മിലുള്ള ബന്ധം ഇല്ലാതായിരുന്നു.
നിതീഷ് കുമാറിനെ ദല്‍ഹിയിലേക്ക് അയക്കാനും ബീഹാറില്‍ മറ്റൊരു മുഖ്യമന്ത്രിയെ കണ്ടെത്താനും സഖ്യകക്ഷിയായ ബി.ജെ.പി നീക്കം തുടങ്ങിയെന്ന വിവാദങ്ങള്‍ക്കിടെ മുന്‍ മഹാസഖ്യ കക്ഷിയുടെ നേതാവ് ആതിഥേയത്വം വഹിച്ച പാര്‍ട്ടിയില്‍ നിതീഷ് കുമാറിന്റെ സാന്നിധ്യം വളരെ പ്രധാനമാണ്.
നിതീഷ് കുമാര്‍ സ്ഥാനമൊഴിയണമെന്നും ബി.ജെ.പി മുഖ്യമന്ത്രി വരണമെന്നും ചില ബിജെപി എംഎല്‍എമാര്‍ ഈയിടെ ആവശ്യപ്പെട്ടിരുന്നു. നിതീഷ് കുമാര്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുമെന്നും അഭ്യൂഹങ്ങളുണ്ട്.
43 സീറ്റുകള്‍ നേടി ജെ.ഡി.യു മോശം പ്രകടനം കാഴ്ചവെച്ചിട്ടും 74 സീറ്റ് നേടിയ ബി.ജെ.പിയുടെ പിന്തുണയോടെയാണ് നിതീഷ് കുമാര്‍ നാലാം തവണയും മുഖ്യമന്ത്രിയായത്.