മംഗളൂരു- കര്‍ണാടകയില്‍ മംഗളൂരു പ്രാന്തപ്രദേശത്തുള്ള പുരാതന മസ്ജിദിന്റെ അറ്റകുറ്റപ്പണിക്കിടെ ഹിന്ദു ക്ഷേത്രത്തിലേതിനു സമാനമായ വാസ്തുവിദ്യാ ഡിസൈന്‍ ലഭിച്ചതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ഗഞ്ചിമഠം ഗ്രാമപഞ്ചായത്ത് പരിധിയിലെ മലാലി മാര്‍ക്കറ്റ് മസ്ജിദ് വളപ്പിലാണ് നിര്‍മതി കണ്ടെത്തിയത്.
മലാലിയിലെ മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. സംഭവസ്ഥലത്ത് ക്ഷേത്രം നിലനിന്നിരുന്നുവെന്ന വാദവുമായി ഹിന്ദുത്വ സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്.
ഹിന്ദു സംഘടനാ നേതാക്കള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ സംഭവസ്ഥലത്തെത്തി രേഖകള്‍ പരിശോധിക്കാന്‍ അധികൃതരോട് ആവശ്യപ്പെട്ടു. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പൊതുജനങ്ങള്‍ സംഭവ സ്ഥലത്തേക്ക് പോലീസ് പ്രവേശനം നിഷേധിച്ചു.
രേഖകള്‍ പരിശോധിക്കുന്നത് വരെ പ്രവൃത്തി നിര്‍ത്തിവെക്കാന്‍ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതാക്കള്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.
ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ കെട്ടിടത്തിന്റെ തല്‍സ്ഥിതി തുടരാന്‍ ദക്ഷിണ കന്നഡ കമ്മിഷണറേറ്റ് ഉത്തരവിട്ടു. ഭൂമിയുടെ രേഖകളും അധികൃതര്‍ പരിശോധിക്കുന്നുണ്ട്. രേഖകള്‍ പരിശോധിക്കുന്നതിനാല്‍ സമാധാനം പാലിക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
പഴയ ഭൂരേഖകളും ഉടമസ്ഥാവകാശ വിശദാംശങ്ങളുമായി ബന്ധപ്പെട്ട എന്‍ട്രികളും ജില്ലാ ഭരണകൂടം പരിശോധിക്കുന്നുണ്ട്. എന്‍ഡോവ്‌മെന്റ് വകുപ്പില്‍ നിന്നും വഖഫ് ബോര്‍ഡില്‍ നിന്നും വിവരങ്ങള്‍ തേടുമെന്നും ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണര്‍ കെ.വി. രാജേന്ദ്ര പറഞ്ഞു.
അവകാശവാദങ്ങളുടെ സാധുത പരിശോധിച്ച് ഉചിതമായ തീരുമാനം ഉടന്‍ എടുക്കുമെന്നും അതുവരെ തല്‍സ്ഥിതി തുടരാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.