അഡിസ് അബാബ- ഉക്രൈനില്‍ യുദ്ധം ചെയ്യാന്‍ റഷ്യന്‍ പട്ടാളത്തിലേക്ക് ആളെ എടുക്കുന്നുവെന്ന അഭ്യൂഹങ്ങളെ തുടര്‍ന്ന് എംബസിക്കു മുന്നില്‍ നീണ്ട ക്യൂ.
എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയിലെ റഷ്യന്‍ എംബസിക്ക് പുറത്താണ് എല്ലാ ദിവസവും രാവിലെ ക്യൂ രൂപപ്പെടുന്നത്. സോഷ്യല്‍ മീഡിയയിലെ കിംവദന്തികള്‍ വിശ്വസിച്ച് യുവാക്കളും പ്രായമായവരും തങ്ങളുടെ സൈനിക രേഖകളുമായാണ് റഷ്യന്‍ പട്ടാളത്തില്‍ ചേരാന്‍ എത്തുന്നത്.
എംബസിക്ക് പുറത്ത് നൂറുകണക്കിന് ആളുകള്‍ എത്യോപ്യന്‍ സെക്യൂരിറ്റി ഗാര്‍ഡുകളുടെ പക്കല്‍ തങ്ങളുടെ പേരുകള്‍ എഴുതി നല്‍കുന്നുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരുടെ പേര് എഴുതിയെടുക്കുന്ന കാവല്‍ക്കാര്‍ സൈനിക സേവനത്തിന്റെ തെളിവ് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.
എന്നാല്‍ ഏതെങ്കിലും എത്യോപ്യക്കാരനെ ഉക്രൈനിലേക്ക് അയച്ചതായി തെളിവുകളൊന്നുമില്ല, ആരെയെങ്കിലും എപ്പോഴെങ്കിലും അയക്കുമോ എന്നതും വ്യക്തമല്ല.
റഷ്യയ്ക്ക് ഇപ്പോള്‍ ആവശ്യത്തിന് സൈനികരുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ ബന്ധപ്പെടുമെന്നും എംബസിയില്‍ നിന്ന് പുറത്തിറങ്ങിയ ഒരു ഉദ്യോഗസ്ഥന്‍ വ്യാഖ്യാതാവ് മുഖേന റഷ്യന്‍ ഭാഷയില്‍ എത്യോപ്യാക്കാരെ അറിയിച്ചു.
ഈ ഉദ്യോഗസ്ഥന്‍ ആരാണെന്നോ റഷ്യ ഉക്രൈനിലേക്ക് എത്യോപ്യന്‍ സന്നദ്ധപ്രവര്‍ത്തകരെ വിന്യസിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചോ വ്യക്തമാക്കാന്‍ റഷ്യന്‍ എംബസി തയാറായില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.