Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹരിതം വിടർന്ന ഏഴു പതിറ്റാണ്ട്


മലപ്പുറം എന്ന തുരുത്തിനപ്പുറത്തേയ്ക്ക് ജനസമ്മതി ശക്തിപ്പെടുത്തിയെങ്കിൽ മാത്രമേ ഇനി പിടിച്ചു നിൽക്കാനാകൂ എന്ന ബോധ്യത്തിലൂന്നി 70 ഇന കർമ്മ പരിപാടികളുമായി ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ എഴുപതാം വാർഷികാഘോഷ പരിപാടികൾക്ക് പ്രൗഢമായ തുടക്കമായി. മതേതര കക്ഷികളുടെ സഹായത്തോടെ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പത്ത് സീറ്റിൽ മുസ്‌ലിം ലീഗ് മത്സരിക്കുമെന്ന് പാർട്ടി നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ ഏപ്രിൽ 12- ന് ദേശീയസമിതി യോഗം ചേരുമെന്നും നേതാക്കൾ വ്യക്തമാക്കി. 
പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മ രൂപീകരിക്കുന്നത് സംബന്ധിച്ച ശ്രമങ്ങൾ മുന്നേറുകയാണ്. സോണിയാ ഗാന്ധി വിളിച്ച് ചേർത്ത പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ മിക്ക നേതാക്കളും പങ്കെടുത്തത് പ്രതീക്ഷ നൽകുന്നതായും, ബി.ജെ.പി വിരുദ്ധ വോട്ടുകൾ വിഭജിക്കപ്പെടരുതെന്ന കാര്യത്തിൽ അഭിപ്രായ ഐക്യം ഈ യോഗത്തിലുണ്ടായതായും പി.കെ കുഞ്ഞാലിക്കുട്ടി എം.പി വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടിയുടെ 70-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഉത്തരേന്ത്യയിൽ 70 ഗ്രാമങ്ങൾ ദത്തെടുക്കാനാണ് തീരുമാനം. ഉത്തർപ്രദേശ്, തമിഴ്‌നാട്, ബംഗാൾ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ സാമൂഹിക സേവനത്തിലൂടെ പാർട്ടിയുടെ സ്വാധീനം വർധിപ്പിക്കാനുള്ള പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. ഏഴ് പതിറ്റാണ്ടിന്റെ പ്രവർത്തനത്തിൽ നിന്ന് ആർജിച്ച ഊർജവുമായി, ആർ.എസ്.എസ് ഭീഷണിയെ ഫലപ്രദമായി ചെറുക്കാൻ സമുദായ സംഘടനകളുമായി കൈകോർത്ത് വിശാല മതേതര കൂട്ടായ്മയോടൊപ്പം നിലയുറപ്പിക്കാനാണ് ലീഗിന്റെ തീരുമാനം. 
സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യ മുസ്‌ലിം ലീഗ് സമ്മേളനം നടന്നത് 1948 ഡിസംബറിൽ മലപ്പുറം ജില്ലയിലെ കിഴിശ്ശേരിയിലാണ്. പാർട്ടിയുടെ 70-ാം വാർഷികം ആഘോഷിക്കുമ്പോൾ അതിന്റെ ജില്ലാതല ഉദ്ഘാടനത്തിന് വേദിയാകുന്നതും കിഴിശ്ശേരി പ്രദേശമാണ്. കുട്ടികളും മുതിർന്നവരുമായി ആയിരങ്ങളാണ് കിഴിശ്ശേരിയിലെത്തിയത്. 70-ാം വാർഷിക ദിനാചരണത്തിന്റെ ഭാഗമായി 'ഹരിതം വിരിഞ്ഞ ഏഴ് പതിറ്റാണ്ട്' എന്ന തലക്കെട്ടിൽ യൂത്ത്‌ലീഗിന്റെ രാഷ്ട്രീയ ക്യാംപയിൻ വെള്ളരി പ്രാവിനെ പറത്തിക്കൊണ്ട് പാണക്കാട് മുനവ്വറലി തങ്ങൾ ഉദ്ഘാടനം ചെയ്തു. പാർട്ടിയുടെ 70 വർഷത്തെ ചരിത്ര റിപ്പോർട്ടും സമ്മേളനത്തിൽ അവതരിപ്പിച്ചു.

 

പിന്നാമ്പുറം, ചരിത്രം
1887-ൽ മുസ്‌ലിം എജ്യുക്കേഷണൽ കോൺഫറൻസിന്റെ വാർഷിക പൊതു സമ്മേളനത്തിൽ സർ സയ്യിദ് അഹമ്മദ്ഖാൻ പ്രസംഗിക്കവേ  'യൂറോപ്യൻ മോഡൽ ജനാധിപത്യ'ത്തിന്റെ അപകടത്തെക്കുറിച്ച് അദ്ദേഹം ഒരു മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യൻ സാഹചര്യത്തിന് അനുയോജ്യമായ ഒരു ജനാധിപത്യ മോഡൽ കണ്ടെത്തുന്നത് വരെ മുസ്‌ലിംകൾ കോൺഗ്രസുൾപ്പെടെയുള്ള എല്ലാ രാഷ്ട്രീയ കക്ഷികളിൽ നിന്നും വിട്ട് നിൽക്കണമെന്നായിരുന്നു സർ സയ്യിദ് അഹമ്മദ്ഖാൻ തന്റെ പ്രസംഗത്തിലൂടെ ആഹ്വാനം നടത്തിയത്. അതോടൊപ്പം മുസ്ലിംകൾ രാഷ്ട്രീയ ശക്തിയായി മാറണമെന്ന സൂചനയും അദ്ദേഹം നടത്തി. ഈ ആശയം പ്രയോഗത്തിൽ വരുത്താൻ അദ്ദേഹം നിരന്തരം പരിശ്രമിക്കുകയും ചെയ്തു. സർ സയ്യിദിന് ശേഷം മുസ്‌ലിം നേതൃത്വം ഏറ്റെടുത്ത നവാബ് മുഹ്‌സിനുൽമുൽക്ക് 1901-ൽ ലഖ്‌നോവിൽ വിളിച്ച് ചേർത്ത മുസ്‌ലിം നേതാക്കളുടെ സമ്മേളനത്തിൽ പ്രവിശ്യാ തലങ്ങളിൽ മുസ്‌ലിം രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ തീരുമാനമെടുത്തു. ദക്ഷിണേന്ത്യ ഏതാണ്ടെന്ന പോലെ മുഴുവൻ ഉൾക്കൊള്ളുന്ന മദിരാശി സംസ്ഥാനത്തടക്കം മുസ്‌ലിം രാഷ്ട്രീയ പാർട്ടികൾ ഇതോടെ നിലവിൽ വന്നു. മലബാർ അന്ന് മദിരാശി സംസ്ഥാനത്തിന്റെ ഭാഗവുമായിരുന്നു. ഈ സംഘടനകളുടെ ഒരു ഫെഡറൽ ഘടനയാണ് 1906 -ൽ ധാക്കയിൽ പിറവിയെടുത്ത 'സർവ്വേന്ത്യാ മുസ്‌ലിംലീഗ്'. 
സർവ്വേന്ത്യാ മുസ്‌ലിംലീഗ് ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി ഏറെ സൗഹൃദത്തിലായിരുന്നു. അക്കാലത്ത് ലീഗിന്റേയും, കോൺഗ്രസിന്റേയും സമ്മേളനങ്ങൾ ഒരേ പന്തലിൽ വെച്ച് വരെ നടത്തപ്പെടുക പോലും ഉണ്ടായിരുന്നു. 30-കളുടെ അവസാനത്തിലാണ് ലീഗും കോൺഗ്രസും തമ്മിൽ പിണങ്ങുന്നത്. ഈ ശത്രുത പിന്നീട് 1947-ൽ ഇന്ത്യ വിഭജിക്കുന്നതിലെത്തി. പാക്കിസ്ഥാൻ പിറവിയോടെ സർവ്വേന്ത്യാ മുസ്‌ലിംലീഗ് ഇല്ലാതാവുകയും ചെയ്തു. കാരണം സർവ്വേന്ത്യാ മുസ്‌ലിംലീഗിനെ നയിച്ചിരുന്ന പ്രമുഖ നേതാക്കളെല്ലാം പാക്കിസ്ഥാനിലേക്ക് പോയി. സംഘടനാ രംഗത്ത് പയറ്റിത്തെളിഞ്ഞ മറ്റുള്ളവരെല്ലാം തന്നെ മാളത്തിലൊളിക്കുകയും ചെയ്തു.
ഇന്ത്യയൊട്ടാകെ ഉള്ളതിനേക്കാളധികം മുസ്‌ലിംകളുള്ള ഉത്തർ പ്രദേശുകാരനും, നേതൃഗുണവുമുണ്ടായിരുന്ന ഇസ്മായിൽഖാൻ ഇന്ത്യയിൽ രണ്ടാമതായി പിറവിയെടുത്ത മുസ്‌ലിംലീഗിനെ നയിക്കാൻ തയ്യാറായില്ല. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പ്രതിപക്ഷ നേതാവും, ഭരണഘടനാ-നിയമ നിർമ്മാണ സഭയിലെ മുസ്‌ലിം ലീഡറും, ഏറ്റവും ബുദ്ധിശാലിയായ രാഷ്ട്രീയ മീമാംസകനെന്ന ഖ്യാതി നേടുകയും ചെയ്തിരുന്ന ചൗധരി മാലിക്ക്‌സമാനും ഈ നിർണായക ഘട്ടത്തിൽ ഇന്ത്യൻ മുസ്‌ലിംകളെ നയിക്കാൻ തയ്യാറായില്ല. ദക്ഷിണേന്ത്യയിലെ 'പ്രകാശഗോപുര'മെന്ന് വാഴ്ത്തപ്പെട്ടിരുന്ന ഹാജി അബ്ദുൽ സത്താർ സേട്ട് പാക്കിസ്ഥാൻ അംബാസഡറായി ഈജിപ്തിലേക്കും പോയി. 1947-ൽ സർവ്വേന്ത്യ മുസ്‌ലിംലീഗിന്റെ പ്രവർത്തനം എന്നെന്നേക്കുമായി അവസാനിച്ചു.

 

ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്
ഇന്ത്യൻ മുസ്‌ലിംകൾ അവരുടെ ആധികാരിക രാഷ്ട്രീയ സംഘടനയായി 'ഇന്ത്യൻ യൂനിയൻ മുസ്‌ലിംലീഗ്' വീണ്ടും രൂപീകരിച്ചു. 1948 മാർച്ച് 10-ന് മദിരാശിയിൽ ഇന്ന് രാജാജി ഹാൾ എന്നറിയപ്പെടുന്ന ഗവൺമെന്റ് ബാങ്ക്വറ്റ് ഹാളിൽ വെച്ച് പുതിയ ഉദ്ദേശ്യ ലക്ഷ്യങ്ങളും പുതിയ സംഘടനയും സ്വീകരിച്ച് ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് എന്ന പേരിൽ പുനർജ്ജനിക്കുമ്പോൾ ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മയിൽ സാഹിബ് പാർട്ടിയെ നയിക്കാൻ തയ്യാറായി. പ്രസ്ഥാനത്തിന്റെ പ്രഥമ പ്രസിഡണ്ടായി അദ്ദേഹം ചുമതലയേറ്റു. എന്നാൽ ഇന്ത്യൻ യൂനിയൻ മുസ്‌ലിംലീഗിന് മുന്നിൽ പ്രതിസന്ധികൾ ഹിമാലയം കണക്കെ ഉയർന്ന് വന്നു. എതിർപ്പുകൾ ശക്തമായി ഉയരാൻ തുടങ്ങി. കാര്യങ്ങൾ ഒട്ടും ശുഭകരമായിരുന്നില്ല. 'വിഭജനത്തിന്റെ കാരണക്കാരെ'ന്ന് പറഞ്ഞ് ന്യൂനപക്ഷങ്ങളുടെ രക്തം ഉത്തരേന്ത്യയിൽ ചാലിട്ടൊഴുകുമ്പോൾ അധികാര ബലത്തിൽ ഭരണവർഗം ലീഗിനെ ഇല്ലായ്മ ചെയ്യാൻ ആകാവുന്നത്ര പരിശ്രമം നടത്തി. ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തര മന്ത്രിയും, 'ഉരുക്ക് മനുഷ്യ'നെന്ന് വിശേഷിപ്പിക്കപ്പെടുകയും ചെയ്തിരുന്ന സർദാർ വല്ലഭായ്പട്ടേൽ 'ഹൈദരാബാദ് ആക്ഷൻ'എന്ന കാരണമുണ്ടാക്കി ലീഗിനെ അടിച്ചമർത്താൻ തുടങ്ങി. പട്ടേലിന്റെ ഇടി വണ്ടികൾ മലബാറിലേക്ക് വന്നതോടെ കുറച്ച് പേരെങ്കിലും ആ ഭീഷണിക്ക് വഴങ്ങി പാർട്ടി വിടുകയും ചെയ്തു. മദ്രാസ് സംസ്ഥാനത്തിലെ മറ്റൊരു ആഭ്യന്തര മന്ത്രിയായിരുന്ന ഡോ. സുബ്ബരായൻ 'എന്ത് വില കൊടുത്തും താൻ മുസ്‌ലിംലീഗിനെ നശിപ്പിക്കുമെന്ന്' ശപഥവും ചെയ്തിരുന്നു.  ഊണും, ഉറക്കുമില്ലാതെ ഈ പ്രതിസന്ധികളെല്ലാം ഏറെ പ്രയാസപ്പെട്ടാണ് അന്നത്തെ ലീഗ് നേതൃത്വം തരണം ചെയ്തത്. നാൽപതുകളുടെ അന്ത്യത്തിൽ ഉത്തരേന്ത്യയിലുണ്ടായ സാമുദായിക അസ്വാരസ്യങ്ങൾ ദക്ഷിണേന്ത്യയിൽ പടരാതിരിക്കുന്നതിന് ഖാഇദെമില്ലത്ത്, പോക്കർ സാഹിബ്, ഉപ്പി സാഹബ് തുടങ്ങിയ മുസ്‌ലിംലീഗ് നേതാക്കൾ ഏറെ ശ്രദ്ധ പുലർത്തിയിരുന്നു. മദ്രാസ്സിലെ കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന ടി. പ്രകാശവും, ഗവർണറായിരുന്ന ആർച്ചി ബാൾഡും ഈ നിലപാടിനെ ഏറെ പ്രശംസിക്കുകയുമുണ്ടായി.
പുറത്ത് നിന്ന് തകർക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കി സമുദായത്തിനകത്ത് നിന്നുള്ളവരെ ഉപയോഗപ്പെടുത്തി ലീഗിനെ തകർക്കാനുള്ള ശ്രമങ്ങളാണ് പിന്നീട് അരങ്ങേറിയത്. 'ദേശീയ മുസ്‌ലിംകൾ' എന്നറിയപ്പെട്ടിരുന്നവർ 'മുസ്‌ലിം മജ്‌ലിസ്' എന്ന സംഘടനയുണ്ടാക്കി ലീഗിനെ നശിപ്പിക്കാനുള്ള ശ്രമം നടത്തി. ഇത് പരാജയപ്പെട്ടതോടെ, ഇടശ്ശേരി മൗലവി തുടങ്ങിയ പല മുസ്‌ലിം നേതാക്കളേയും ചാക്കിട്ട് പിടിച്ച്  'പ്രോഗ്രസീവ് ലീഗ്' എന്ന പേരിൽ മറ്റൊരു ലീഗുണ്ടാക്കി ഒരു പരീക്ഷണം കൂടി നടത്തി. 1966-നവംബറിൽ പ്രോഗ്രസീവ് ലീഗിന്റെ സംസ്ഥാന സമ്മേളനം കോഴിക്കോട്ട് നടന്നുവെങ്കിലും, മൂന്നാലു വർഷം സജീവമായി നില കൊണ്ട ഈ പാർട്ടിയും അകാലത്തിൽ ചരമമടഞ്ഞു. ബദൽ പാർട്ടിയെന്ന മട്ടിൽ മുസ്‌ലിംലീഗ് നേതാവായിരുന്ന ഹസ്സൻഗനി 'സമസ്ത കേരള മുസ്‌ലിം ലീഗ്' എന്ന പേരിൽ ഒരു ലീഗുണ്ടാക്കി. അതിനും നിലനിൽപ്പുണ്ടായില്ല. 
1948 ജനുവരി 10-ന് മദിരാശിയിലെ ഗവർണേഴ്‌സ് ബംഗ്ലാവിൽ ഖാഇദെമില്ലത്ത് ഇസ്മയിൽ സാഹിബിനെ സന്ദർശിക്കാനെത്തിയ ഗവർണർ ജനറൽ മൗണ്ട് ബാറ്റൺ പ്രഭു മുന്നോട്ട് വെച്ചത് പുതിയ പാർട്ടി രൂപീകരിക്കരുതെന്ന നിർദ്ദേശമായിരുന്നു. ഇതിന് ഖാഇദെമില്ലത്ത് നൽകിയ മറുപടി സാരഗംഭീരമായിരുന്നു. 
'താങ്കളുടെ നിർദ്ദേശം അനുസരിക്കാനാകില്ല. പിന്നോക്ക ന്യൂനപക്ഷ ജന വിഭാഗങ്ങളുടെ പുരോഗതിയാണ് മുസ്‌ലിംലീഗ് ലക്ഷ്യമാക്കുന്നത്. അത് കൊണ്ട് തന്നെ മുസ്‌ലിംലീഗ് എന്ന ലക്ഷ്യവുമായി ഞങ്ങൾ മുന്നോട്ട് പോകും. ഈ മറുപടി കേട്ട് മൗണ്ട് ബാറ്റൺ പ്രഭു മറ്റൊന്നും പറയാനാകാതെ തിരിച്ച് പോവുകയായിരുന്നു. പുതിയ പാർട്ടിക്ക് വലിയ പിന്തുണയാണ് അന്ന് മലബാറും മറ്റു പ്രദേശങ്ങളും നൽകിയത്. ദുർഘടം പിടിച്ച അന്നത്തെ കാലഘട്ടത്തിൽ വെല്ലുവിളികളെ അതിജീവിക്കാൻ നേതാക്കൾ ഏറെ പാട്‌പെട്ടു. ആദ്യ കാലം മുതൽ തന്നെ രാജ്യത്തിന്റെ വിവിധ നിയമ നിർമാണ സഭകളിൽ പാർട്ടിക്ക് പങ്കാളിത്തം ലഭിച്ചു. പാർലമെന്റിൽ മുസ്‌ലിംലീഗ് അംഗങ്ങൾ അവതരിപ്പിച്ച ബില്ലുകൾ സുപ്രധാനമായി. ശരീഅത്ത് വിഷയങ്ങളിലടക്കം ലീഗിന്റെ നിലപാടിന് അംഗീകാരമുണ്ടായി. ന്യൂനപക്ഷ പിന്നോക്ക ജനതയുടെ അഭിവൃദ്ധിക്ക് ഒട്ടേറെ നിയമങ്ങൾ നിലവിൽ വന്നത് നിയമ നിർമ്മാണ സഭകളിലെ പാർട്ടിയുടെ ക്രിയാത്മക പങ്കാളിത്തം കൊണ്ടായിരുന്നു. 
ഇന്ത്യാ വിഭജനത്തിന്റെ ഉത്തരവാദിത്തം ലീഗിന്റെ മേൽ  വെച്ച് കെട്ടുന്ന പതിവ് മുടങ്ങിയില്ല. ഔദ്യോഗിക രഹസ്യ രേഖകളുടെ കാലാവധി തീർന്നതോടെ അന്ന് മൂടിവെച്ച പല കള്ളങ്ങളും പിന്നീട് വെളിച്ചത്തായി. മുസ്‌ലിം ലീഗിനെ വിഭജനത്തിന് ഉത്തരവാദിയാക്കാൻ ചരിത്രത്തിന്റെ പൊരുളറിയുന്ന ആരും ഇന്ന് തയ്യാറാവില്ല. ബി.ജെ.പി നേതാവായിരുന്ന ജസ്വന്ത് സിംഗ് പോലും. മുസ്‌ലിംലീഗിനെ കണ്ണടച്ച് എതിർത്തിരുന്ന പാർട്ടികൾക്ക് മുസ്‌ലിംലീഗിന്റെ സഹായം തേടേണ്ടതായി വന്നു എന്നതും പിൽക്കാല  ചരിത്രം.

 

പട്ടംതാണുപിള്ളയുടെ കത്ത്
വിമോചന സമരത്തെ തുടർന്ന് ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ വീണ് ഇടക്കാല തെരഞ്ഞെടുപ്പ് നടന്നപ്പോൾ ഏറ്റവും വലിയകക്ഷി കമ്യൂണിസ്റ്റ് പാർട്ടി തന്നെയായിരുന്നു. മറ്റ് കക്ഷികളെ ഉൾപ്പെടുത്തി ഒരു കൂട്ടുകക്ഷി മന്ത്രിസഭ രൂപീകരിക്കാൻ കോൺഗ്രസ് തയ്യാറായില്ല. അതേസമയം മന്ത്രിസഭ രൂപീകരിക്കാൻ പട്ടം താണുപിള്ള  തയ്യാറായതോടെ കോൺഗ്രസ്സ് അതിനെ പിന്തുണക്കാൻ തയ്യാറായി. തെരഞ്ഞടുപ്പ് വിജയത്തിൽ മുസ്‌ലിംലീഗ് നൽകിയ സംഭാവന പരിഗണിച്ച് ലീഗിനെക്കൂടി മന്ത്രിസഭയുടെ ഭാഗമാക്കാൻ പട്ടം താണുപിള്ള സന്നദ്ധനായി. പക്ഷേ, കോൺഗ്രസ് ഈ ശ്രമത്തെ നഖശിഖാന്തം എതിർത്തു. മന്ത്രിസഭയിൽ ലീഗിനെ ഉൾപ്പെടുത്തിയാൽ തങ്ങൾ പിന്തുണ പിൻവലിക്കുമെന്ന നിലപാടിലായി കോൺഗ്രസ്. അങ്ങനെയെങ്കിൽ തങ്ങളുടെ പങ്കാളിത്തമില്ലാത്ത ഭരണത്തിന് പിന്തുണ നൽകേണ്ടതില്ലെന്ന് മുസ്‌ലിംലീഗിൽ അഭിപ്രായമുയർന്നു. എന്നാൽ തീർത്തും രാഷ്ട്രീയ പ്രബുദ്ധത പ്രകടിപ്പിച്ച് കൊണ്ടുള്ള അന്തിമ തീരുമാനമാണ് അന്നത്തെ പാർട്ടി നേതൃത്വം കൈ കൊണ്ടത്. അതിപ്രകാരമായിരുന്നു: 'തെരഞ്ഞെടുപ്പ് ലക്ഷ്യം കമ്യൂണിസ്റ്റ് മന്ത്രിസഭയെ താഴെയിറക്കുക എന്നതായിരുന്നു. ആ ലക്ഷ്യം സാധ്യമാക്കാൻ സ്വന്തം താൽപര്യം മാറ്റി നിർത്തിക്കൊണ്ട് പട്ടം താണുപിള്ളയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭക്ക് നിരുപാധിക പിന്തുണ നൽകാനാണ് അന്നത്തെ ലീഗ് നേതൃത്വം തീരുമാനിച്ചത്.

 

ലക്ഷ്യം പൂവണിയുമോ?
കേരളത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗിന് സമ്പന്നമായ ഒരു ഭൂതകാല ചരിത്രമുണ്ടെങ്കിലും, അതിന്റെ ശേഷിപ്പുകൾ പോലും ഇല്ലാതായി എന്നതാണ് പിൽക്കാല രാഷ്ട്രീയ ചരിത്രം. പാർട്ടിയുടെ സംസ്ഥാന പ്രസിഡണ്ടാണ് അഖിലേന്ത്യോ പ്രസിഡണ്ടിനെ നിശ്ചയിച്ചിരുന്നതെന്ന വിരോധാഭാസവും ലീഗ് എന്ന പാർട്ടിക്കുണ്ട്. കേരളത്തിന് പുറത്ത് തമിഴ്‌നാട്ടിൽ പേരിന് മാത്രമായി മുസ്‌ലിംലീഗുണ്ട് എന്നതും ഒരു വശം. എങ്കിലും, എതിരാളികളുടെ പരിഹാസത്തിനിരയായ മുസ്‌ലിംലീഗിപ്പോൾ ശ്രദ്ധേയമായ രാഷ്ട്രീയ ചുവട് മാറ്റമാണ് നടത്തുന്നത്.
ഒരു കാലത്ത് കേരളത്തിന് പുറത്ത്  ഉത്തർപ്രദേശ്, അസം, ബംഗാൾ, കർണാടക, മഹാരാഷ്ട്ര, പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിൽ നിയമസഭാ പ്രാതിനിധ്യമുണ്ടായിരുന്ന പാർട്ടിയായിരുന്ന മുസ്‌ലിംലീഗ് പിൽക്കാലത്ത് കേരളത്തിൽ മാത്രമായി ഒതുങ്ങുകയായിരുന്നു. യഥാർത്ഥത്തിൽ ഇന്ത്യയിലെ മുസ്‌ലിം രാഷ്ട്രീയത്തിന്റെ പിൻമടക്കത്തിന്റേയും ദൗർബല്യത്തിന്റേയും നേർചിത്രമായിരുന്നു ഈ ഒതുങ്ങിക്കൂടൽ. കേവലം ഘടനാപരം മാത്രമായിരുന്നില്ല അത്. രാഷ്ട്രീയ ഉള്ളടക്കത്തിലും ഇത് പ്രകടമായിരുന്നു. അതായത് ദേശീയ തലത്തിൽ മുസ്‌ലിം സമൂഹം അനുഭവിക്കുന്ന തീക്ഷ്ണമായ പ്രശ്‌നങ്ങൾ ലീഗിനെ ഒട്ടും അസ്വസ്ഥമാക്കിയിരുന്നില്ല. അത്തരം വിഷയങ്ങളിൽ മുസ്‌ലിംലീഗ് ശ്രദ്ധ ചെലുത്തിയുമില്ല. അതേസമയം യശശ്ശരീരനായ ഇബ്രാഹിം സുലൈമാൻ സേട്ട് പാർട്ടിയുടെ അഖിലേന്ത്യാ പ്രസിഡണ്ടായിരിക്കെ, പാർലമെന്റിന് അകത്തും പുറത്തും നടത്തിയ ഗംഭീരമായ ഇടപെടലുകളെ പാർട്ടിയുടെ മുന്നേറ്റമാക്കി മാറ്റാനോ, അത് വഴി പാർട്ടിയുടെ  സംഘടനാ ശക്തി പരിപോഷിപ്പിക്കാനോ സംസ്ഥാന നേതൃത്വം ശ്രദ്ധ കൊടുത്തതുമില്ല. ഏറെ വ്യക്തി പ്രഭാവമുള്ള നേതാവെന്ന നിലയിൽ ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ ഇടപെടലുകൾ ദേശീയതലത്തിൽ പൊതുവെ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും, സ്വന്തം പാർട്ടിയിൽ അതിനോടകം ആധിപത്യം ഉറപ്പിച്ച ചിലർ സേട്ടിന്റെ കാഴ്ചപ്പാടുകളേയും നിലപാടിനേയും അവഗണിക്കുകയാണുണ്ടായത്. 

പൊതു സമ്മേളനത്തിൽ നേതാക്കൾ സദസ്സിനെ അഭിസംബോധന ചെയ്യുന്നു.

 

എഴുപതാം വാർഷികം
മലപ്പുറം-കിഴിശ്ശേരിയിൽ ചേർന്ന പാർട്ടിയുടെ എഴുപതാം വാർഷികാഘോഷ പൊതു സമ്മേളനത്തിൽ ദേശീയ- സംസ്ഥാന-പ്രാദേശിക നേതാക്കളെല്ലാം സന്നിഹിതരായിരുന്നു.  ജില്ലയിലെ 2200 വാർഡുകളിൽ പാർട്ടിയുടെ 70-ാം വാർഷികത്തെ സ്മരിച്ച് കൊണ്ട് 70 ഹരിത പതാകകൾ ഉയർന്നു. 2019 മാർച്ച് പത്തിന് അവസാനിക്കുന്ന രീതിയിൽ 70 ഇന കർമ്മ പരിപാടികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. 
രാജ്യത്തെ ഫാസിസ്റ്റ് ഭരണകൂടം ഭരണഘടനയെ പോലും ചോദ്യം ചെയ്യപ്പെടുകയാണ്. ഇതിനെതിരെ എല്ലാ മതേതര കക്ഷികളും ഒന്നിക്കണം. പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് മുസ്‌ലിംലീഗ് അഖിലേന്ത്യാ അധ്യക്ഷൻ ഖാദർ മൊയ്തീൻ പറഞ്ഞു. വിവിധ മതസ്ഥർ തോളോട് തോൾ ചേർന്നാണ് ബഹുസ്വരത ഇന്ത്യയിൽ യാഥാർത്ഥ്യ മാക്കിയത്. എന്നാൽ സവർണ മേൽക്കോയ്മ അടിച്ചേൽപ്പിക്കാനുള്ള ശ്രമം തിരിച്ചറിയണം. പിന്നോക്ക, ന്യൂനപക്ഷ ങ്ങൾക്ക് പ്രതികൂല സാഹചര്യമാണ് രാജ്യത്തുള്ളത്. മതേതരത്വത്തിനൊപ്പം എന്നും നില കൊണ്ട പാർട്ടിയാണ് മുസ്‌ലിംലീഗ്. മതത്തിന്റെ അന്തസ്സത്ത ഉൾക്കൊണ്ട് ഏത് മതസ്ഥനും മതേതരവാദിയാകാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. സഹജീവി സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും ഇടമായി രാഷ്ട്രീയത്തെ കൊണ്ട് വരാൻ കൂട്ടായ പരിശ്രമം അനിവാര്യമാണെന്നും, രക്തം ചിന്തിപ്പിക്കുകയും മനുഷ്യജീവൻ അപഹരിക്കുകയും ചെയ്യുന്ന രാഷ്ട്രീയം എതിർക്കപ്പെടണമെന്നും, രാഷ്ട്ര നന്മയ്ക്കും മാനവ നന്മയ്ക്കും ഉപകാരപ്പെടുന്ന രീതിയിൽ രാഷ്ട്രീയ പാർട്ടികളുടെ അജണ്ട നിശ്ചയിക്കണമെന്നും പൊതു സമ്മേളനത്തിൽ സംസാരിക്കവേ മുനവ്വറലി തങ്ങൾ ചൂണ്ടിക്കാട്ടി.
ഇന്ത്യ ഹിന്ദുക്കളുടേതു മാത്രമല്ലെന്നും എല്ലാ മതസ്ഥരുടേതുമാണെന്നും മഹാരാഷ്ട്ര മുൻ ഗവർണർ കെ.ശങ്കരനാരായണൻ പറഞ്ഞു. വിദേശത്ത് മോഡിക്ക് ലഭിക്കുന്ന അംഗീകാരം നേരത്തേ നെഹ്‌റുവിന് ലഭിച്ചതിന്റെ തുടർച്ചയാണ്. മോഡി വന്നതുകൊണ്ട് ഒരു ഗുണവും രാജ്യത്തുണ്ടായില്ല. പലിശ കൊടുക്കാൻ കടം വാങ്ങേണ്ട ഗതികേടിലാണ് സംസ്ഥാന സർക്കാർ.   കിഫ്ബി ബാങ്കില്ലെന്നും അതിൽ പണമൊന്നുമില്ലെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് അൽപ്പം തളർന്നുവെന്നത് ശരിയാണ്. എന്നാൽ മരിച്ചിട്ടില്ല. ക്ഷീണം മാറ്റി തിരിച്ചെത്തും. മത നിരപേക്ഷതയും ജനാധിപത്യവും നില നിർത്താൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ അവസാന തുള്ളി രക്തം വരേയും പോരാടും. നോട്ട് മാറ്റവും ജി.എസ്.ടിയുമല്ലാതെ നരേന്ദ്രമോഡി സർക്കാർ ഒന്നും ചെയ്തിട്ടില്ല. ഉറച്ച നിലപാടും അത് നടപ്പാക്കാനുള്ള ആർജവവും കൊണ്ട് മുസ്‌ലിംലീഗിന്റെ സ്ഥാനം രാഷ്ട്രീയ പാർട്ടികളുടെ മുൻനിരയിൽ തന്നെയാണെന്നും ശങ്കരനാരായണൻ കൂട്ടിച്ചേർത്തു.

Latest News