ഹുബ്ബള്ളി- കര്‍ണാടകയിലെ ഹുബ്ബള്ളി അക്രമസംഭവങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളുമായി പോലീസ്. അക്രമവുമായി ബന്ധപ്പെട്ട് ഇതിനകം 126 പേര്‍ അറസ്റ്റിലായതായി പോലീസ് അറിയിച്ചു.
കലാപകാരികളുടെ വധശ്രമത്തില്‍നിന്ന് തങ്ങള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് കസബ പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍മാരായ അനില്‍ കണ്ടേക്കര്‍, മഞ്ജുനാഥ് എന്നിവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
കഴിഞ്ഞ ശനിയാഴ്ച രാത്രി അക്രമാസക്തരായ ജനക്കൂട്ടം കല്ലെറിയുകയും വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. ദിദ്ദി ഹനുമന്ത ക്ഷേത്രത്തിന് സമീപം 10-15 പേരടങ്ങുന്ന അക്രമി സംഘത്തെ തടയാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ കരിങ്കല്ലുകൊണ്ട് തലക്കടിക്കാന്‍ ശ്രമിച്ചുവെന്ന് പോലീസുകാര്‍ പറഞ്ഞു.
വാഹനങ്ങള്‍ ഉപേക്ഷിച്ചാണ് പോലീസുകാര്‍ അവിടെനിന്ന് രക്ഷപ്പെട്ടത്. അന്വേഷണം ഊര്‍ജിതമാക്കിയ പ്രത്യേക സംഘം ഇതിനകം 126 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മൗലവി വസീം പത്താനു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
ജനങ്ങളെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെങ്കില്‍, ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും ആരംഭിച്ചതു പോലുള്ള കടുത്ത നടപടിക്ക് തയാറാകേണ്ടിവരുമെന്ന് ഭരണകക്ഷിയായ ബിജെപി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം, ആര്‍.എസ.്എസ്, വി.എച്ച.്പി, സനാതന സംഘടന എന്നിവയെ നിരോധിക്കണമെന്ന് പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു.
ഹുബ്ബള്ളി നഗരത്തില്‍ ക്രമസമാധാനം ഉറപ്പുവരുത്താന്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ 23 വരെ നീട്ടിയിട്ടുണ്ട്. നേരത്തെ ഏപ്രില്‍ 17 മുതല്‍ 20 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ ആക്ഷേപകരമായ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് ശനിയാഴ്ച രാത്രി വൈകിയാണ് വടക്കന്‍ കര്‍ണാടക മേഖലയിലെ ചോട്ടാ മുംബൈ എന്ന് അറിയപ്പെടുന്ന ഹുബ്ബള്ളിയില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഹുബ്ബള്ളിയിലെ പോലീസ് സ്‌റ്റേഷന് മുന്നില്‍ നൂറുകണക്കിനാളുകളാണ് തടിച്ചുകൂടിയിരുന്നത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടും ജനക്കൂട്ടം തൃപ്തരായിരുന്നില്ല.
12 പോലീസുകാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ജനക്കൂട്ടം പൊതുമുതല്‍ നശിപ്പിക്കുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തിരുന്നു.
അതിനിടെ, അറസ്റ്റിലായ അഭിഷേക് ഹിരേമത്തിന് ഇന്ന് ആരംഭിക്കുന്ന രണ്ടാം വര്‍ഷം പി.യു.സി പരീക്ഷ എഴുതാന്‍ ജെ.എം.എഫ്.സി കോടതി അനുമതി നല്‍കി. പോലീസ് സുരക്ഷയോടെ പരീക്ഷാ കേന്ദ്രത്തിലെത്തിക്കും. പഠിക്കാന്‍ പാഠപുസ്തകങ്ങള്‍ ജയിലില്‍ എത്തിക്കാനും കോടതി ഉത്തരവിട്ടിരുന്നു.