Sorry, you need to enable JavaScript to visit this website.

ലോക ശക്തിയാകാനൊരുങ്ങി സൗദി

എണ്ണവില ഒന്നിലധികം വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയതിനാൽ 2022 ൽ സൗദി സമ്പദ്വ്യവസ്ഥ ഇരട്ടിയിലധികം വളർച്ച കൈവരിക്കുമെന്നാണ് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) കണക്കാക്കുന്നത്. അതുകൊണ്ടാണ് ജിഡിപിയുടെ വളർച്ചാ പ്രവചനം കഴിഞ്ഞ തവണത്തേക്കാൾ 2.8 ശതമാനം വർധിപ്പിച്ച് ഈ വർഷം 7.6 ശതമാനമായി ഐ.എം.എഫ് കണക്കാക്കിയിട്ടുള്ളത്.  പണപ്പെരുപ്പം നടപ്പുവർഷം കഴിഞ്ഞ വർഷത്തേക്കാൾ 2.5 ശതമാനമായി കുറയുമെന്നും ഐ.എം.എഫ് പ്രവചിക്കുന്നു. ഈ പ്രവണത 2023 ലും തുടരുമെന്നാണ് റിപ്പോർട്ട്. 

 

വിഷൻ 2030 പദ്ധതിയിലൂടെ സൗദി അറേബ്യ ലോകത്തെ വൻ ശക്തിയായി മാറുമെന്ന ഇൻവെസ്റ്റ്മെന്റ് മോണിറ്റർ വൈബ്സൈറ്റിന്റെ റിപ്പോർട്ട് ശരിവെക്കും വിധത്തിലാണ് പദ്ധതി ലക്ഷ്യം കൈവരിക്കാനുള്ള സൗദിയുടെ കുതിപ്പ്. സമഗ്ര മേഖലയിലും വികസനം ലക്ഷ്യമിട്ട് 2016 ഏപ്രിൽ 25 ന് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ച പദ്ധതി ആറു വർഷം പിന്നിടാനൊരുങ്ങുമ്പോൾ പ്രതീക്ഷകൾക്കുമപ്പുറമാണ് ഓരോ മേഖലയുടെയും വളർച്ച. ഇത് രാജ്യത്തിന് സാമ്പത്തിക കരുത്ത് മാത്രമല്ല, ഇപ്പോൾ തന്നെ ലോക രാജ്യങ്ങൾക്കിടയിൽ മികവുറ്റ സ്ഥാനം നേടിക്കൊടുക്കാനും സഹായിച്ചിട്ടുണ്ട്. രണ്ടു വർഷക്കാലത്തെ കോവിഡ് മഹാമാരിക്കിടയിലും സൗദിയുടെ സാമ്പത്തിക നില ഭദ്രമായിരുന്നുവെന്നത് പദ്ധതി ആസൂത്രണത്തിലെ മികവും അതു നടപ്പാക്കുന്നതിലെ ഇഛാശക്തിയെയുമാണ് കാണിക്കുന്നത്. കോവിഡിനെ നിയന്ത്രിക്കുന്നതിൽ മറ്റേതൊരു രാജ്യത്തേക്കാളും മുൻപന്തിയിൽ നിൽക്കുന്നതിനും സൗദിക്കു കഴിഞ്ഞു. സൗദിയുടെ സാമ്പത്തിക ഉറവിടം എണ്ണ ഇതര മേഖലകളിൽ നിന്ന് കൂടി കണ്ടെത്തുക എന്ന ലക്ഷ്യവുമായി വിവിധ പദ്ധതികളാണ്  2030 വിഷന്റെ ഭാഗമായി സൗദി ഭരണകൂടം ആവിഷ്‌കരിച്ചിരിക്കുന്നത്. അവ ഓരോന്നും ഒന്നിനൊന്നു മെച്ചമായി നടപ്പാക്കാനും സൗദിക്കു കഴിഞ്ഞിട്ടുണ്ട്. ഇത്തരം പദ്ധതികളിലൂടെ എന്താണോ ലക്ഷ്യമിട്ടത് അതു യാഥാർഥ്യവൽക്കരിച്ചുകൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം എണ്ണ വിലയിലെ വർധനകൂടിയായതോടെ സൗദിയുടെ സാമ്പത്തിക ഭദ്രത ഒന്നുകൂടി ശക്തിപ്പെട്ടു. 
എണ്ണവില ഒന്നിലധികം വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയതിനാൽ 2022 ൽ സൗദി സമ്പദ്വ്യവസ്ഥ ഇരട്ടിയിലധികം വളർച്ച കൈവരിക്കുമെന്നാണ് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) കണക്കാക്കുന്നത്. അതുകൊണ്ടാണ് ജി.ഡി.പിയുടെ വളർച്ചാ പ്രവചനം കഴിഞ്ഞ തവണത്തേക്കാൾ 2.8 ശതമാനം വർധിപ്പിച്ച് ഈ വർഷം 7.6 ശതമാനമായി ഐ.എം.എഫ് കണക്കാക്കിയിട്ടുള്ളത്.  പണപ്പെരുപ്പം നടപ്പു വർഷം കഴിഞ്ഞ വർഷത്തേക്കാൾ 2.5 ശതമാനമായി കുറയുമെന്നും ഐ.എം.എഫ് പ്രവചിക്കുന്നു. ഈ പ്രവണത 2023 ലും തുടരുമെന്നാണ് റിപ്പോർട്ട്. സൗദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ വരുമാനം കഴിഞ്ഞ വർഷം 56.3 ശതമാനം തോതിലാണ് വർധിച്ചത്. കഴിഞ്ഞ വർഷം സൗദി കമ്പനികൾ 2.3 കോടി ട്രില്യൺ റിയാലിന്റെ വരുമാനമാണ് നേടിയത്. 2020 ൽ ഇത് 1.47 ട്രില്യൺ റിയാലായിരുന്നു. വരുമാന വർധനക്കനുസരിച്ച് കമ്പനിയുടെ ലഭത്തിലും വൻ വർധനയുണ്ടായി. കഴിഞ്ഞ വർഷം കമ്പനികളുടെ അറ്റാദായം 525.9 ലിബ്യൺ റിയാലായാണ് ഉയർന്നത്. അതിനു തൊട്ടു മുൻപത്തെ വർഷം ഇത് 236 ബില്യൺ റിലായിരുന്നു. സൗദി ഓഹരി വിപണിയിലെ വിദേശ നിക്ഷേപകരുടെ താൽപര്യം കാണിക്കുന്നതും സൗദിയുടെ സാമ്പത്തിക വളർച്ചക്ക് അടിവരയിടുന്നതാണ്. വിദേശികൾ ഈ വർഷം ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്നു മാസ കാലയളവിൽ 8876 കോടി റിയാലിന്റെ ഓഹരികൾ വാങ്ങുകയും 6068 റിയാലിന്റെ ഓഹരികൾ വിൽക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിദേശ നിക്ഷേപകർ 4364 കോടി റിയാലിന്റെ ഓഹരികാളായിരുന്നു വാങ്ങിയത്. ഈ വർഷം 103 ശതമാനത്തിന്റെ വളർച്ചയാണ് വിദേശ നിക്ഷേപകരുടെ ഓഹരി വാങ്ങലുകളിൽ ഉണ്ടായിട്ടുള്ളത്. മലയാളികൾ ഉൾപ്പെടെ നിരവധി വിദേശികളാണ് സൗദി ഓഹരി വിപണിയുടെ ഇടപാടുകാരായി മാറിയിട്ടുള്ളത്. അറാംകോ ഓഹരി വാങ്ങലിലൂടെ തുടക്കമിട്ട സൗദി ഓഹരി വിപണിയിലേക്കുള്ള വിദേശികളുടെ പ്രവേശനം പിന്നീട് കുത്തൊഴുക്കായി മാറുകയായിരുന്നു. 
ഇതെല്ലാം സൗദിയുടെ സാമ്പത്തിക ശക്തിയെയും വളർച്ചയെയുമാണ് കാണിക്കുന്നത്. ഇത് പദ്ധതി നിർവഹണത്തിലും നടത്തിപ്പിലും പ്രതിഫലിക്കുമെന്നതിനാൽ വിഷൻ 2030 ലക്ഷ്യം കൈവരിക്കുമെന്ന റിപ്പോർട്ടിനെ അത് സാധൂകരിക്കുകയാണ്. സാമ്പത്തിക രംഗത്ത് രാജ്യം കൊണ്ടുവന്നിട്ടുള്ള അച്ചടക്കം എടുത്തു പറയേണ്ടതാണ്. സർക്കാരിന് ലഭിക്കേണ്ട നികുതി, നികുതിയേതര വരുമാനം കൃത്യമായി എത്തുന്നതിനാവശ്യമായ പരിഷ്‌കരണത്തോടൊപ്പം അഴിമതിക്കു കൂച്ചുവിലങ്ങിട്ടും അഴിമതിക്കാർക്കെതിരെ മുഖം നോക്കാതെ നടപടി എടുത്തുമാണ് രാജ്യം സാമ്പത്തിക ഭദ്രത കൈവരിച്ചിട്ടുള്ളത്. അതോടൊപ്പം രാജ്യത്തിന്റെ സമഗ്ര മേഖലയിലും വികസനം സാധ്യമാക്കുകയും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്തുകൊണ്ട് നിക്ഷേപകരെ രാജ്യത്തേക്ക് ആകർഷിക്കുന്നതിലും വിജയം വരിക്കാൻ രാജ്യത്തിനായിട്ടുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം,  വിനോദ സഞ്ചാരം, റിക്രിയേഷൻ തുടങ്ങിയ മേഖലകളിലും വിദേശ രാജ്യങ്ങളിലെ വിവിധ മേഖലകളിലും സൗദി ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ വിനിയോഗം വഴിയുണ്ടായിട്ടുള്ള പുരോഗതി അസൂയാവഹമാണ്. നിയോം പദ്ധിക്കു പുറമെ റിയാദ്, ജിദ്ദ, ദമാം തുടങ്ങിയ നഗരങ്ങൾ കേന്ദ്രീകരിച്ചും നടപ്പാക്കി വരുന്ന പരിഷ്‌കാരങ്ങളും വികസനവും വിഷൻ 2030 പദ്ധതിയുടെ ലക്ഷ്യ സാക്ഷാകാരത്തിന്റെ ദൂരം കുറച്ചുകൊണ്ടുവരികയാണ്.  ടൂറിസം ബിസിനസ് വർധിപ്പിക്കാനും ലോകത്തെ വലിയ ടൂറിസ്റ്റ് ഹബ്ബാക്കി മാറ്റാനും ലോകോത്തര കായിക മാമാങ്കങ്ങൾക്ക് ആതിഥേയത്വം വഹിക്കാനും സൗദി ഒരുങ്ങുന്നതുമെല്ലാം ഇതിനു സഹായകമായ ഘടകങ്ങളാണ്.  ആഗോളാടിസ്ഥാനത്തിൽ ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യം സൗദി അറേബ്യ തന്നെ ആയതിനാൽ ലോകത്തിന്റെ ഉർജ രംഗത്ത് നിർണായകമായ റോൾ വഹിക്കാൻ ഇന്നും സൗദിക്കു കഴിയുന്നുവെന്നതും ഇതിന് അനുഗുണമായ ഘടകമാണ്. കൂടാതെ തൊഴിലില്ലായ്മയുടെ എണ്ണത്തിൽ കുറവു വരുത്തുന്നതിനും സ്വദേശികൾക്ക് എല്ലാ മേഖലയിലും തൊഴിൽ ലഭ്യമാക്കുന്നതിനും രാജ്യത്തിനായി. രാജ്യത്തിനകത്തും പുറത്തും ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുന്നതിലും ശക്തമായ പ്രവർത്തനങ്ങളാണ് കാഴചവെച്ചുകൊണ്ടിരിക്കുന്നത്. ധിഷണാ ശാലികളായ ഭരണകർത്താക്കളുടെ ദീർഘവീക്ഷണവും ആസൂത്രണ മികവുമാണ് ഇവിടങ്ങളിലെല്ലാം നിഴലിക്കുന്നത്. 
2030 വിഷൻ പ്രകാരം സൗദിയുടെ സാമ്പത്തിക ശേഷിയിൽ വലിയ വർധനയുണ്ടാവുമെന്നും സാമ്പത്തികമായി അമേരിക്കയോട് കിടപിടിക്കാവുന്ന രാജ്യമായി സൗദി അറേബ്യ മാറുമെന്നും പ്രമുഖ വാർത്താ ഏജൻസിയായ റോയിട്ടേയ്സ് അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു.  പാശ്ചാത്യ ലോക രാജ്യങ്ങിലെ ഭരണാധികാരികളുമായി നല്ല ബന്ധം സ്ഥാപിക്കാനും ഇതു വഴി വലിയ തോതിലുള്ള ഇൻവെസ്റ്റ്മെന്റ് രാജ്യത്തേക്ക് കൊണ്ടുവരാനും സാധിക്കുന്നുവെന്നതും സൗദിയുടെ നേട്ടമാണ്. നിക്ഷേപ സൗഹൃദ അന്തരീക്ഷവും അവസരങ്ങളും നിലനിൽക്കുന്ന ലോകത്തെ ആദ്യ 10 രാജ്യങ്ങളിലെ സൂചികയിൽ മിഡിൽ ഈസ്റ്റ് വിഭാഗത്തിൽ ഒന്നാം സ്ഥാനമാണ് സൗദിക്കുള്ളത്. അന്താരാഷ്ട്ര പാസ്പോർട്ട് സൂചിക പ്രകാരമാണ് രാജ്യം ഈ നേട്ടം കൈവരിച്ചത്. ലോക രാജ്യങ്ങളുടെ മൊത്തം സൂചികയിൽ പത്താം സ്ഥാനവും  സൗദിക്കുണ്ട്. അമേരിക്കയുടേയും  ബ്രിട്ടന്റേയും കാനഡയുടേയും യൂറോപ്യൻ രാജ്യങ്ങളുടേയും മുന്നിലാണ് ഈ സൂചിക പ്രകാരം സൗദിയുടെ സ്ഥാനം. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയും ബിസിനസ് സൗകര്യങ്ങളും സംവിധാനങ്ങളുമാണ് ഇതിനു നിദാനമായി കണക്കാക്കിയിട്ടുള്ളത്. ഇതെല്ലാം സൗദി വൻ സാമ്പത്തിക ശക്തിയായി മാറുമെന്ന വിവിധ ഏജൻസികളുടെ പ്രവചനത്തെ സാധൂകരിക്കുന്നതാണ്. 

Latest News