Sorry, you need to enable JavaScript to visit this website.

പോലീസ് കാരുണ്യത്തിൽ യമുനക്കും മക്കൾക്കും കിടപ്പാടമായി

അഞ്ച് സെന്റ് ഭൂമിയുടെ രജിസ്ട്രേഷൻ തുക ആറങ്ങാടിയിലെ യമുനക്കും മക്കൾക്കും കാസർകോട് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന കൈമാറുന്നു.

കാസർകോട്- ആറങ്ങാടിയിൽ വാടക ക്വാട്ടേഴ്‌സിൽ താമസിക്കുന്ന യമുനയും മക്കളും ഇനി സങ്കടപ്പെടില്ല. വാടക പോലും കൊടുക്കാനില്ലാത്ത കുടുംബത്തിന്റെ ദയനീയ സ്ഥിതി ഹൗസ് വിസിറ്റിംഗ് സമയത്ത് തിരിച്ചറിഞ്ഞ പിങ്ക് പട്രോൾ സേനയിലെ അംഗങ്ങൾ ഇക്കാര്യം കനകപള്ളിയിലെ ഡോ. സജിയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് നല്ലകാലത്തിന് വഴിതുറന്നത്. തന്റെ സ്വത്തിൽ നിന്ന് 50 സെന്റ് സ്ഥലം പത്ത് പാവപ്പെട്ട കുടുംബങ്ങൾക്ക് നൽകുന്ന പദ്ധതിയിലേക്ക്, പിങ്ക് പട്രോൾ ഓഫീസർ സക്കിനത്താവിയുടെ നിർദേശപ്രകാരം ഡോ. സജി ഈ കുടുംബത്തെ ഉൾപ്പെടുത്തുകയായിരുന്നു. അതുപ്രകാരം 5 സെന്റ് ഭൂമി പ്രസ്തുത കുടുംബത്തിന് സ്വന്തമായി ലഭിച്ചു. 
ഭൂമി സ്വന്തം പേരിൽ രജിസ്റ്റർ ചെയ്യാൻ സാമ്പത്തിക ശേഷിയില്ലാത്തതിനാൽ കുടുംബം വിണ്ടും പിങ്ക് പട്രോൾ വഴി കേരള പോലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയെ സമീപിച്ചതിനാൽ അസോസിയേഷന്റെ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അതിന് വേണ്ടുന്ന രജിസ്‌ട്രേഷൻ തുക നിർധന കുടുംബത്തിന് നൽകാൻ തീരുമാനിച്ചതോടെ ആ കടമ്പയും കടന്നു. 
ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേന പ്രസ്തുത തുക എസ്.പിയുടെ ചേംബറിൽ വെച്ച് നടന്ന ചടങ്ങിൽ കുടുംബത്തിന് കൈമാറി. 
അഡീഷനൽ എസ്.പി ഹരിശ്ചന്ദ്ര നായ്ക്ക്, പിങ്ക് നോഡൽ ഓഫീസർ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സതിഷ് കുമാർ ആലക്കാൽ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ. എസ്.പി. പി.കെ. സുധാകരൻ, കെ.പി.എ സംസ്ഥാന ജോയിന്റ് സെക്രട്ടറി. ഇ.വി. പ്രദീപൻ, ജില്ലാ സെക്രട്ടറി എ.പി. സുരേഷ്, ജില്ലാ പ്രസിഡന്റ് ബി. രാജ്കുമാർ, ജില്ലാ ട്രഷറർ കെ.ടി. രജീഷ്, പിങ്ക് പട്രോൾ ഓഫീസർ സക്കീനത്താവി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

Latest News