Sorry, you need to enable JavaScript to visit this website.

വര്‍ഗീയ കലാപങ്ങളെ അപലപിക്കണം; പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യണം- അശോക് ഗെലോട്ട്

ന്യൂദല്‍ഹി- രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടുത്തിടെ നടന്ന വര്‍ഗീയ കലാപങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ അഭിസംബോധന ചെയ്യണമെന്നും അക്രമത്തെ അപലപിണമെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ട്.
പ്രധാനമന്ത്രിയുടെ മൗനം ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ  പ്രോത്സാഹിപ്പിക്കുകയാണ്. അധികാരത്തിലുള്ളവര്‍ ഇതിനെ ശക്തമായി അപലപിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ വിമര്‍ശനത്തെ പോസിറ്റീവായി എടുക്കണമെന്നും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ദേശീയ താല്‍പര്യം മുന്‍നിര്‍ത്തി തീരുമാനങ്ങള്‍ എടുക്കണണമെന്നും ഗെലോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളെക്കുറിച്ചുള്ള യോഗത്തില്‍ പങ്കെടുത്ത ശേഷം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിക്ക് പുറത്താണ്  അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ കണ്ടത്.
പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ഓഫീസിന്റെ പ്രാധാന്യവും അന്തസ്സും ഞാന്‍ മനസ്സിലാക്കുന്നു. എന്നാല്‍ കുതിരക്കച്ചവടത്തിലൂടെ സര്‍ക്കാരുകളെ താഴെയിറക്കാന്‍ ആഭ്യന്തരമന്ത്രി തന്നെ ഇടപെടുന്നതാണ് ഇപ്പോള്‍ കാണുന്നത്.  ഇതാണോ ജനാധിപത്യമെന്ന് അദ്ദേഹം ചോദിച്ചു.  
ബി.ജെ.പി നേതാക്കള്‍ അഹങ്കാരികളായിരിക്കയാണെന്നും അവര്‍ പറയുന്നതാണ് അവസാന വാക്കെന്നാണ് ചിന്തിക്കുന്നതെന്നും ഗെലോട്ട് കുറ്റപ്പെടുത്തി.
ആളുകള്‍ എന്താണ് പറയുന്നതെന്ന് അവര്‍ ശ്രദ്ധിക്കുന്നില്ല. അതുകൊണ്ടാണ് ഈ 'തമാശകള്‍' (കലാപങ്ങള്‍) രാജ്യത്ത് നടക്കുന്നത്. ആളുകള്‍ പറയുന്നത് അവര്‍ കാര്യമാക്കുന്നില്ലെങ്കില്‍, ഒരിക്കലും മറക്കാത്ത ഒരു പാഠം ആളുകള്‍ അവരെ പഠിപ്പിക്കും- അദ്ദേഹം പറഞ്ഞു.
രാജസ്ഥാനിലെ കരൗലിയില്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന വര്‍ഗീയ കലാപങ്ങള്‍ക്കും ഹിന്ദുത്വതീവ്രവാദികളുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്കും ശേഷമാണ് ഗെലോട്ടിന്റെ പരാമര്‍ശം.

 

 

Latest News