ലഖ്നൗ- ഉത്തര്‍പ്രദേശില്‍ 24 മണിക്കൂറിനിടെ പോലീസ് നടത്തിയ ആറു ഏറ്റുമുട്ടലുകളില്‍ രണ്ടു പിടികിട്ടാപുള്ളികളെ വെടിവച്ചു കൊന്നു. നോയിഡയിലും സഹാറന്‍പൂരിലുമാണ് രണ്ടു പേരെ പോലീസ് വധിച്ചത്. വെടിവെപ്പുകളില്‍ അഞ്ചു കുറ്റവാളികള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ദല്‍ഹിയിലും നോയിഡയിലുമായി കൊലക്കേസുകളില്‍ പ്രതിയും തലയ്ക്ക് പോലീസ് അര ലക്ഷം ഇനാം പ്രഖ്യാപിക്കുകയും ചെയ്ത കുപ്രസിദ്ധ കുറ്റവാളി ശ്രാവണ്‍ ചൗധരിയെ നോയിഡയില്‍ നടന്ന ഏറ്റുമുട്ടലില്‍ വധിച്ചു. ഞായറാഴ്ച രാവിലെ ആയിരുന്നു വെടിവെപ്പ്. ഇയാളുടെ പക്കല്‍ നിന്ന് ഏകെ 47 തോക്കും മറ്റൊരു തോക്കും കണ്ടെടുത്തതായും പോലീസ് പറഞ്ഞു.
ദാദ്രിയില്‍ മറ്റൊരു പിടികിട്ടാപുള്ളിയായ ജിതേന്ദറിനെ ഏറ്റുമുട്ടലിനൊടുവില്‍ പോലീസ് പിടികൂടി. ഇയാളുട തലയ്ക്ക് കാല്‍ രക്ഷം രൂപ പ്രതിഫലമാണ് പോലീസ് പ്രഖ്യാപിച്ചിരുന്നത്. വെടിവെപ്പില്‍ ഇാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സഹാറന്‍പൂരില്‍ ബൈക്കിലെത്തി പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ചയാളെ പോലീസ് പിന്തുടര്‍ന്ന് വെടിവച്ചു കൊല്ലുകയായിരുന്നു. പോലീസ് നല്‍കിയ വിവരമനുസിച്ച് ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടെ ചില്‍ക്കാന റോഡ് ചെക്ക് പോസ്റ്റിലൂടെ കടക്കാന്‍ ശ്രമിച്ച ബൈക്ക് യാത്രികള്‍ പോലീസിനു നേരെ വെടിവെക്കുകയായിരുന്നെന്നും തിരിച്ചു പോലീസും വെടിവച്ചെന്നും അധികൃതര്‍ പറഞ്ഞു. ഇവരില്‍ അഹ്സാന്‍ എന്നയാളാണ് പേലീസിന്റെ വെടിയേറ്റു മരിച്ചത്.
ഗാസിയാബാദില്‍ മറ്റൊരു പിടികിട്ടാപുള്ളിയെ പോലീസ് പിന്തുടര്‍ന്ന് വെടിവെച്ചു. പ്രതി തിരിച്ചുവെച്ചതിനെ തുടര്‍ന്ന് പോലീസുകാരനു പരിക്കേറ്റു. ഇവിടെ തന്നെ മറ്റൊരു പ്രതിയേയും പൊലീസ് വെടിവച്ച ശേഷം പരിക്കുകളോടെ അറസ്റ്റ് ചെയ്തു. മുസഫര്‍ നഗറില്‍ റഈസ്, ജാവേദ് എന്നീ രണ്ടു കുറ്റവാളികളെ ഏറ്റുമുട്ടലിനൊടുവില്‍ പിടികൂടിയതായും പോലീസ് പറഞ്ഞു.