Sorry, you need to enable JavaScript to visit this website.

രാമനവമി ആയുധ മാര്‍ച്ച് നടത്താനൊരുങ്ങി ബിജെപി;  ശക്തമായ മുന്നറിയിപ്പുമായി മമത

കൊല്‍ക്കത്ത- രാമനവമി ആഘോഷത്തിന്റെ ഭാഗമായി ബിജെപി പശ്ചിമ ബംഗാള്‍ ഘടകം സംസ്ഥാനത്തുടനീളം ആയുധമേന്തി മാര്‍ച്ച് നടത്തുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ആക്രമണമഴിച്ചു വിട്ടാല്‍ കയ്യും കെട്ടി നോക്കിനില്‍ക്കില്ലെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും ബിജെപിക്ക് മമത മുന്നറയിപ്പു നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ബര്‍ധമാന്‍ ജില്ലയില്‍ രാമനവമി ആഘോഷ പന്തലിനു നേരെ ഉണ്ടായ ആക്രമണത്തില്‍ നാലു പേര്‍ക്കു പരിക്കേറ്റിരുന്നു. തൊട്ടുപിറകെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി. 

പരമ്പരാഗതമായി ആയുധമേന്തി രാമനവമി ജാഥ നടത്തുന്ന ഏതാനും സംഘടനകള്‍ ഹൗറയിലും അസന്‍സോളിലുമുണ്ട്. ഒരു പതിറ്റാണ്ടിലധികമായി രാമനവമി ജാഥകള്‍ നടത്തുന്നവര്‍ക്ക് ആയുധമേന്തി മാര്‍ച്ച് നടത്താന്‍ പ്രത്യേക അനുമതി നല്‍കും. മറ്റുള്ളവരെ ഈ ജാഥകള്‍ കയ്യടക്കാന്‍ അനുവദിക്കരുത്. രാമനവമി ജാഥ നടത്തുന്ന സംഘടനകള്‍ക്ക് ഞങ്ങള്‍ എതിരല്ല. എന്നാല്‍ അവ സമാധാനപരമായിരിക്കണം-മമത വ്യക്തമാക്കി. അതീവ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന പോലീസ് മേധാവിക്ക് മമത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആഘോഷത്തിന്റെ പേരില്‍ സമാധാനന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.  

പരമ്പരാഗത ഇന്ത്യന്‍ ആയുധങ്ങളേന്തി ഹൗറയിലും ഖരഗ്പൂരിലും ഞായറാഴ്ച വൈകുന്നേരം നാലിന് ബിജെപി രാമനവമി ജാഥകള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ദിലിപ് ഘോഷ്  വ്യക്തമാക്കിയിട്ടുണ്ട്്.


 

Latest News