Sorry, you need to enable JavaScript to visit this website.

കാല്‍നൂറ്റാണ്ടിന്റെ ഇടവേള പിന്നിട്ട പി. ശശി വീണ്ടും പൊളിറ്റിക്കല്‍ സെക്രട്ടറി

കണ്ണൂര്‍- ഇ.കെ. നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പദത്തില്‍ നിന്ന് പിണറായിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പദത്തിലേക്ക് പി.ശശിക്ക് കാല്‍ നൂറ്റാണ്ട് ദൂരം. രാഷ്ട്രീയ ജീവിതത്തില്‍ ഒട്ടനവധി തിരിച്ചടികള്‍ നേരിടുകയും ഇവയെല്ലാം തരണം ചെയ്ത് ഫിനിക്‌സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്ത പി. ശശിക്ക് ഇത് അധികാര രാഷ്ട്രീയത്തില്‍ രണ്ടാമൂഴം. ഇതോടെ ഭരണസിരാ കേന്ദ്രത്തില്‍ കണ്ണൂരിന്റെ പിടി മുറുകുകയാണ്.
1996-2001 കാലയളവില്‍ മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി സേവനമനുഷ്ടിച്ച പി. ശശി, മികച്ച പ്രകടനമാണ് അക്കാലത്ത് കാഴ്ചവെച്ചത്. പോലീസിന്റെ നിയന്ത്രണം പി ശശിയുടെ കൈയിലായിരുന്നു. 1999 കാലയളവിലാണ് കണ്ണൂരില്‍ സി.പി.എം ബി.ജെ.പി കൊലപാതക പരമ്പരകള്‍ അരങ്ങേറുന്നത്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമെന്ന നിലയില്‍ പ്രവര്‍ത്തിച്ചു വരുന്നതിനിടെയാണ് ശശി, കണ്ണൂര്‍ ജില്ല സെക്രട്ടറി പദവിയിലെത്തുന്നത്. ഇക്കാലയളവിലാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി തന്നെ തകര്‍ത്ത വിവാദങ്ങളുണ്ടാകുന്നത്. ഇതോടെ ആദ്യം സെക്രട്ടറി പദത്തില്‍ നിന്നും പിന്നീട് പാര്‍ട്ടിയില്‍നിന്നു തന്നെയും ശശി പുറത്തായി.
2011 ലാണ് അദ്ദേഹം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നു മാറിയത്.
സജീവ രാഷ്ട്രീയത്തില്‍നിന്ന് മാറി നിന്ന ശശി പിന്നീട് അഭിഭാഷക വൃത്തിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. പ്രശസ്ത ക്രിമിനല്‍ ലോയറായ അഡ്വ.വിശ്വന്റെ സഹായിയായി തലശ്ശേരിയിലാണ് പ്രാക്ടീസ് ആരംഭിച്ചത്. പിന്നീട് സി.പി.എം ആഭിമുഖ്യമുള്ള അഭിഭാഷക സംഘടനയായ ഇന്ത്യന്‍ ലോയേഴ്‌സ് യൂനിയന്‍ നേതാവും കണ്ണൂര്‍ ജില്ലാ പ്രസിഡന്റുമായി. ഈ കാലയളവിലും, സി.പി.എമ്മിന്റെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഇദ്ദേഹം, സി.പി.എമ്മിന്റെ കേസുകള്‍ വാദിക്കുകയും ചെയ്തു.
സസ്‌പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയാക്കി പി. ശശി,  2018 ല്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തി. തലശ്ശേരി ഏരിയക്കു കീഴില്‍ ബ്രാഞ്ചംഗമായി. പിന്നീട് ഏരിയാ കമ്മിറ്റിയിലും 2019 മാര്‍ച്ചില്‍ ജില്ലാ കമ്മിറ്റിയിലുമെത്തി. ഇക്കഴിഞ്ഞ എറണാകുളം സംസ്ഥാന സമ്മേളനത്തിലാണ് സമ്മേളന പ്രതിനിധി പോലുമല്ലാതിരുന്നിട്ടും ശശി, സംസ്ഥാന കമ്മിറ്റിയിലെത്തിയത്. ഈ മാസം ആദ്യം കണ്ണൂരില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ ചുക്കാന്‍ പിടിച്ചവരില്‍ പി. ശശിയുമുണ്ടായിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസ് വന്‍ വിജയമായതിന് പിന്നില്‍ ശശിയുടെ സംഘാടക മികവു കൂടിയുണ്ട്.
കണ്ണൂരുകാരന്‍ തന്നെയായ മറ്റൊരു മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായാണ് ശശി വീണ്ടുമെത്തുന്നത്. രാഷ്ട്രീയത്തിലെ ഉയര്‍ച്ച  താഴ്ചകളുടെയും കാത്തിരിപ്പിന്റെയും കാലം കൂടിയാണ് പിന്നിടുന്നത്.

 

Latest News